amritasree
മാതാ അമൃതാനന്ദമയീമഠത്തിന്റെ അമൃതശ്രീ പദ്ധതിയിലൂടെയുള്ള സഹായവിതരണത്തിന്റെ പറവൂർ മേഖലയിലെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു.

പറവൂർ: മാതാ അമൃതാനന്ദമയീമഠത്തിന്റെ അമൃതശ്രീ പദ്ധതിയിലൂടെ ജില്ലയിൽ ഇരുപതിനായിരം കുടുംബങ്ങൾക്ക് ഭക്ഷ്യ-വസ്ത്ര-ധന സഹായങ്ങൾ വിതരണം ചെയ്തു. കൊച്ചി, വൈപ്പിൻ, പറവൂർ മേഖലകളിലായി മൂന്ന് ഘട്ടങ്ങളായാണ് അമൃതശ്രീ അംഗങ്ങൾക്കും പ്രളയബാധിതർക്കുമായി സഹായങ്ങൾ വിതരണം ചെയ്തത്. പുത്തൻവേലിക്കര വിവേകചന്ദ്രികാസഭ ക്ഷേത്രാങ്കണത്തിൽ നടന്ന പറവൂർ മേഖലയിലെ സഹായവിതരണം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ ഓൺലൈനിൽ ആശംസകൾ നേർന്നു.

മാതാ അമൃതാനന്ദമയീമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി, അമൃതശ്രീ കോ ഓർഡിനേറ്റർ ആർ. രംഗനാഥൻ, സാഹിത്യകാരൻ ചന്ദ്രൻ പെരുമുടിയൂർ എന്നിവർ സംസാരിച്ചു. വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് മാതാ അമൃതാനന്ദമയി ആഹ്വാനം ചെയ്ത അമൃതശ്രീ (അമൃത സ്വാശ്രയസംഘം) പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും സഹായങ്ങൾ വിതരണം ചെയ്തുവരികയാണ്‌. അമൃതശ്രീ സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങൾക്കും വെള്ളപ്പൊക്കത്തിലും മഴക്കെടുതിയിലും ദുരിതമനുഭവിച്ച കുടുംബങ്ങൾക്കുമായി 35 കോടി രൂപയുടെ സഹായങ്ങളാണ് അമൃതാനന്ദമയീമഠം നൽകുന്നത്. അമൃതശ്രീ പദ്ധതി ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, തൊഴിൽരഹിതർക്കും സാമ്പത്തികമായി ദുർബലരായ സ്ത്രീകൾക്കുമായി സാമ്പത്തിക സഹായങ്ങളും നൽകുന്നുണ്ട്.