കൊച്ചി: ദാഹമകറ്രാൻ കുടിക്കുന്ന വെള്ളം ഇപ്പോൾ പശ്ചിമകൊച്ചിക്കാരുടെ ജീവിതം ദു:സഹമാക്കുകയാണ്. വൃശ്ചിക വേലിയേറ്റം കഴിഞ്ഞതോടെ പശ്ചിമകൊച്ചിക്കാർക്ക് കുടിക്കാൻ കിട്ടുന്നത് ഉപ്പുവെള്ളമാണ്. പെരുമ്പടപ്പ്, ഇടക്കൊച്ചി, ഫോർട്ടുകൊച്ചി, തോപ്പുംപടി, പള്ളൂരുത്തി പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിൽ രണ്ടാഴ്ച്ചയോളമായി പൊതുപൈപ്പിലൂടെ എത്തുന്നത് ഉപ്പുരസം കലർന്ന മലിന ജലമാണ്. പ്രതിദിനം രാവിലെയും വൈകിട്ടുമാണ് പമ്പിംഗ്. ഇടക്കൊച്ചി, പെരുമ്പടപ്പ് ഭാഗങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിലായാണ് വെള്ളം എത്തുന്നത്.
ഫോർട്ടുകൊച്ചി കൽവത്തി, തുരുത്തി പ്രദേശങ്ങളിൽ മലിന ജലം കുടിച്ച് കുട്ടികളടക്കം കഴിഞ്ഞ ദിവസം ആശുപത്രിയിലായിരുന്നു. ഇടക്കൊച്ചി ഭാഗങ്ങളിൽ പരാതികൾ വ്യാപകമായതോടെ കുടിവെള്ളം വണ്ടിയിലെത്തിച്ചു നൽകുകയാണ്. ഇടക്കൊച്ചി 15, 16 ഡിവിഷനുകളിൽ കഴിഞ്ഞ ദിവസങ്ങളില്ലാം ലഭിച്ചത് ഇതേ വെള്ളമാണ്.
വേലിയേറ്റ സമയത്ത് മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്ത് കുടിവെള്ളമെടുത്തതോടെ പല പൈപ്പുകളിലും ദ്വാരം വീണിട്ടുണ്ട്. ഇവയിലൂടെ വെള്ളം വിതരണം കുറഞ്ഞ ദിവസങ്ങളിൽ മോട്ടർ അടിക്കുമ്പോഴും വീണ്ടും മലിനജലം കയറിയാണ് പൊതുപ്പൈപ്പുകളിലെത്തുന്നത്. പള്ളുരുത്തി, പെരുമ്പടപ്പ്, ഇടക്കൊച്ചി ഭാഗങ്ങളിൽ വെള്ളത്തിന്റെ പമ്പിംഗും നിലവിൽ കുറഞ്ഞിരിക്കുകയാണ്. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവിടെ കുടിവെള്ള വിതരണം. എളംകുളത്ത് നിന്നാണ് പമ്പിംഗ്. തീരദേശ മേഖലയിലും മാലിന്യം കലർന്ന ദുർഗന്ധം വമിക്കുന്ന കുടിവെള്ളമാണ് ലഭിക്കുന്നത്.
ജല അതോറിട്ടിക്ക് മൗനം
ജല അതോറിട്ടി അധികൃതരെ സമീപിച്ചിട്ടും നിരാശയായിരുന്നു ഫലം. 1966കളിൽ സ്ഥാപിച്ച പൈപ്പുകൾക്ക് പകരമായി കോടികൾ ചെലവിട്ട് പുതിയ പെപ്പുകൾ സ്ഥാപിച്ചിട്ടും ജനങ്ങൾക്ക് പ്രയോജനപ്രദമായിട്ടില്ല. പൈപ്പുകളിൽ വിള്ളലുണ്ടായിട്ടും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറാവുന്നില്ല.
ജനസാന്ദ്രതയുള്ളതും ചേരി മേഖലയുമായ പശ്ചിമകൊച്ചിയിൽ വർഷങ്ങളായി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടിട്ടില്ല. പമ്പിംഗ് സമയം കൂട്ടാത്തതും മേഖലയിൽ ആവശ്യമായ വെള്ളത്തിന്റെ അളവ് ക്രമാനുഗതമായി വർദ്ധിപ്പിക്കാത്തതും പ്രശ്‌നത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.
വണ്ടിവെള്ളം
തന്നെ ആശ്രയം
പമ്പിംഗ് കുറഞ്ഞതിനോടൊപ്പം ഉപ്പു വെള്ളവും ലഭിച്ചു തുടങ്ങിയതോടെ കുടിവെള്ളത്തിനായി ടാങ്കർ ലോറികളിലെത്തിക്കുന്ന വെള്ളമാണ് ആശ്രയം. ഒരു ദിവസം പശ്ചിമകൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ അറുപതോളം വണ്ടികളാണ് വെള്ളവുമായി എത്തുന്നത്. വേനൽ കനക്കുന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും വെള്ളം ലഭിക്കാത്ത സാഹചര്യത്തിനും ഇടയാവും.
ആരോഗ്യ പ്രശ്‌നങ്ങളിലേക്ക്
വഴിയൊരുക്കുംപൈപ്പുകൾ വഴി മലിനജലം എത്തുന്നത് ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കും. പമ്പിംഗ് കൂട്ടിയാൽ മാത്രമേ ഇതിന് പരിഹാരം കാണാനാവൂ. നിലവിൽ ആവശ്യമുള്ള പ്രദേശങ്ങളിലേക്ക് വണ്ടിയിൽ കുടിവെള്ളം എത്തിച്ചു നൽകുകയാണ്.
ജീജ ടെൻസൻ
കൗൺസിലർ