വൈപ്പിൻ: വയോജനങ്ങൾ ഒത്തുകൂടുന്ന ഹാൾ പഞ്ചായത്ത് പ്രദേശങ്ങളിലെ 42 അങ്കണവാടികളിൽ വിതരണത്തിനായി എത്തിയ പോഷകാഹാരങ്ങളുടെഗോഡൗണാക്കി മാറ്റി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. വയോജനങ്ങൾക്ക് യോഗം നടത്തുന്നതിനായി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്താണ് ഒരു വർഷം മുൻപ് പള്ളിപ്പുറം എട്ടാം വാർഡിൽ കല്പക അങ്കണവാടിക്ക് മുൻപിലായി ഹാൾ നിർമ്മിച്ച് നല്കിയത്. ഇവിടെ ആഴ്ചതോറും വയോജനങ്ങളുടെ അയൽക്കൂട്ടം യോഗം കൂടുന്നുണ്ട്. കൂടാതെ മാസത്തിലൊരിക്കൽ വാർഡിലെ വയോജനങ്ങൾ മുഴുവനും യോഗംകൂടാറുണ്ട്. ഇന്നലെ പുതുവത്സരദിനത്തിൽ യോഗം കൂടാനെത്തിയ വയോജനങ്ങൾ തങ്ങൾ യോഗം കൂടുന്നിടത്ത് കൂട്ടിയിട്ടിരിക്കുന്ന ചാക്കുകെട്ടുകൾ കണ്ട് വിഷമിച്ചു. വയോജനങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾ പരിഹരിച്ച് സാധനങ്ങൾ ഇവിടെനിന്ന് മാറ്റണമെന്ന് പഞ്ചായത്ത് മെമ്പർ വി.ടി. സൂരജ് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.