 
 രക്ഷപെടാൻ ഫ്‌ളാറ്റിന്റെ എട്ടാംനിലയിൽനിന്ന് യുവാവ് താഴേക്ക് ചാടി
തൃക്കാക്കര: പുതുവർഷത്തിൽ ലഹരി പാർട്ടി നടത്തിയ ആറംഗസംഘം പിടിയിൽ. തൃക്കാക്കര നവോദയയിലുള്ള ഫ്ളാറ്റിൽ നിന്നാണ് യുവതി ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റുചെയ്തത്. പൊലീസിനെ കണ്ട് ഫ്ലാറ്റിന്റെ എട്ടാംനിലയിൽ നിന്ന് ചാടിയ കായംകുളം സ്വദേശി അതുലിനെ (22) ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഫ്ളാറ്റിൽ ഉണ്ടായിരുന്ന കോഴിക്കോട് ചലിക്കണ്ടി വീട്ടിൽ ഷിനോ മെർവിൻ (28), കൊല്ലം സ്വദേശി സജ്നഭവനിൽ റിജു (38), ആലപ്പുഴ ചെങ്കല്ലിൽ വീട്ടിൽ അനീഷ് (25), കൊല്ലം നസീംനിവാസിൽ നജീബ് (40), ഇടുക്കി സ്വദേശിനി തേക്കിൻകാട്ടിൽ വീട്ടിൽ മറിയം ബിജു (20) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഫ്ളാറ്റിൽനിന്ന് എം.ഡി.എം.എ, ഹാഷിഷ് ഓയിൽ തുടങ്ങിയ ലഹരിമരുന്നുകൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.
പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഫ്ളാറ്റിലെ എട്ടാംനിലയിലെ മുറിയിൽ ലഹരി പാർട്ടി നടക്കുന്നെന്ന വിവരത്തെത്തുടർന്നായിരുന്നു ഷാഡോ പോലീസും തൃക്കാക്കര പൊലീസും പരിശോധനയ്ക്ക് എത്തിയത്. ഒരു യുവതി ഉൾപ്പടെ ആറുപേരാണ് ഫ്ളാറ്റിലുണ്ടായിരുന്നത്. ഇതിനിടെയാണ് അതുൽ ഫ്ളാറ്റിന്റെ ബാൽക്കണി വഴി എടുത്തുചാടിയത്. ഫ്ലാറ്റിന്റെ കാർഷെഡിന് മുകളിലേക്കാണ് വീണത്. ഷെഡിന്റെ അലുമിനീയം ഷീറ്റ് തുളച്ചാണ് അതുൽ നിലത്തുവീണത്.