മരട്: മോഷ്ടാവിനെ മണിക്കൂറുകൾക്കകം വലയിലാക്കിയ പനങ്ങാട് പൊലീസിന് പുതുവത്സര ദിനത്തിൽ നാട്ടുകാരുടെ അഭിനന്ദനം. വെള്ളിയാഴ്ച്ച പുലർച്ചെ നടന്ന മോഷണത്തിൽ ഉച്ചയോടെ തന്നെ പനങ്ങാട് എസ്.എച്ച്.ഒ മനോജ് കെ.എൻ, എസ്.ഐ. ജിൻസൺ ഡൊമിനിക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. യു.പി സ്വദേശി അബ്ദുൾ റസാക്ക് (24)ആണ് പിടിയിലായത്.
നെട്ടൂർ സൗത്ത് തണ്ടാശ്ശേരി റോഡിൽ ചെറുകാട്ടിൽ സന്തോഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ട് വാർപ്പുകളിൽ ഒരെണ്ണം എടുത്തതിന് ശേഷം രണ്ടാമത്തേത് എടുക്കാൻ എത്തിയപ്പോൾ വീട്ടിലെ പെൺകുട്ടി കണ്ടതിനെ തുടർന്ന് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. ഐ.ടി കമ്പനി ജീവനക്കാരിയായ സന്തോഷിന്റെ മകൾ ജോലിയിലേർപ്പെട്ടിരിക്കെ ശബ്ദം കേട്ട് മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സമീപത്തെ സി.സി ടിവി ക്യാമറ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്തി, തൊണ്ടിമുതൽ വീണ്ടെടുത്തു. പ്രതിയെ വൈറ്റിലയിൽ നിന്നും തൊണ്ടി മുതൽ നെട്ടൂരിലെ കുറ്റിക്കാട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. പകൽ സമയത്ത് പ്ലാസ്റ്റിക് കുപ്പി പെറുക്കാനെന്ന വ്യാജേനയെത്തി കാര്യങ്ങൾ മനസ്സിലാക്കി അർദ്ധരാത്രിക്കു ശേഷം വീട്ടിലെത്തി മോഷ്ടിക്കുകയാണ് ഇയാളുടെ രീതി.