തൃക്കാക്കര: അസാം ദമ്പതികളെ മൂന്നംഗസംഘം വീടുകയറി ആക്രമിച്ചതായി പരാതി. ഇന്നലെ വെളുപ്പിന് അഞ്ചുമണിയോടെയാണ് സംഭവം. കാക്കനാട് പാലച്ചുവട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന അസാം സ്വദേശികളായ ഷഹനാസ് ബീഗം, നജീർ അഹമ്മദ് ദമ്പതികൾക്കാണ് ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്നത്. ഇന്നലെ വെളുപ്പിന് അഞ്ചിന് മൂന്നംഗസംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഇരുവരെയും മർദ്ദിക്കുകയായിരുന്നു. യുവതിയെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ രണ്ട് പ്രദേശവാസികൾക്കും മർദ്ദനമേറ്റിട്ടുണ്ട്. യുവതിയുടെ ബാഗും സംഘം കവർന്നു. നജീർ അഹമ്മദിന്റെ ബൈക്കും സംഘം തകർത്തു. രണ്ടുമലയാളികളും ഒരു അന്യ സംസ്ഥാനക്കാരനുമാണ് ആക്രമിച്ചതെന്ന് നജീർ അഹമ്മദ് പറഞ്ഞു. തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.