 
കൊച്ചി: കാർഷിക വിളകളുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിദേശങ്ങളിലേക്ക് കയറ്റുമതിചെയ്ത് കോതമംഗലത്തെ വാരപ്പെട്ടി സർവീസ് സഹകരണസംഘം മാതൃകയാകുന്നു. 2021 ഫെബ്രുവരി 8ന് പ്രവർത്തനം ആരംഭിച്ച സംരംഭം ഒരുവർഷം തികയും മുമ്പാണ് ഈ നേട്ടം കൈവരിച്ചത്.
വാരപ്പെട്ടി ബ്രാൻഡ് വെളിച്ചെണ്ണയും കറിമസാലയോടുകൂടിയ വാട്ടുകപ്പയുമാണ് ആസ്‌ട്രേലിയ, ന്യൂസിലൻഡ്, അമേരിക്ക, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ആഫ്രിക്ക ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളിൽ ഇവ ഉടനെത്തും. ഏത്തപ്പഴത്തിൽ നിന്നുള്ള പുതിയ വിഭവങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണിപ്പോൾ സംഘം.
 വാരപ്പെട്ടി വെളിച്ചെണ്ണ
വാരപ്പെട്ടി സർവീസ് സഹകരണ സംഘം പ്രസിഡന്റ് എം.ജി. രാമകൃഷ്ണന്റെ കേരകൃഷിപ്രേമവും ഉറുമ്പുകളുടെ കൂട്ടമരണവുമാണ് വാരപ്പെട്ടി ബ്രാൻഡ് നാടൻ വെളിച്ചെണ്ണയുടെ പിറവിക്ക് ആധാരം. ഒരിക്കൽ പൊതുവിപണിയിൽ നിന്ന് വാങ്ങിയ വെളിച്ചെണ്ണ പായ്ക്കറ്റിൽ കയറിയ ഉറുമ്പുകൾ കൂട്ടത്തോടെ ചത്തു. മായമാണ് ഇതിന് ഇടയാക്കിയതെന്ന നിഗമനമാണ് ശുദ്ധമായ വെളിച്ചെണ്ണ വിപണിയിലിറക്കാൻ പ്രചോദനമായത്. 2000 ലിറ്റർ ആണ് പ്രതിദിന ഉല്പാദനം.
 വാട്ടുകപ്പയും കറികൂട്ടും
ഒരുകിലോ വാട്ടുകപ്പയിൽ 100 ഗ്രാം കറിമസാലയും ചേരുന്നതാണ് വാരപ്പെട്ടി ബ്രാൻഡ് 'ടപ്പിയോക്ക വിത്ത് മസാല'. 35 വർഷം ഗൾഫിൽ പാചകജോലി ചെയ്ത ഒരാളുടെ പ്രത്യേക കറിക്കൂട്ടാണിത്. കുടം പുളി ചേർത്ത് കറിവച്ചാൽ മീൻ ഇല്ലെങ്കിലും മീൻകറിയുടെ രുചികിട്ടും. കൊവിഡ് കാലത്ത് പച്ചക്കപ്പയുടെ വില 8 രൂപയിലേക്ക് കൂപ്പുകുത്തിയപ്പോൾ സംഘം 15 രൂപയ്ക്കാണ് കർഷകരിൽ നിന്ന് സംഭരിച്ചത്.
 ജലാംശം വറ്റിച്ച ഏത്തപ്പഴം
പ്രിസർവേറ്റീവുകളില്ലാതെ നാടൻ ഏത്തപ്പഴം ജലാംശം നീക്കി വിപണിയിലെത്തിക്കുകായണ് അടുത്ത ലക്ഷ്യം. മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത യന്ത്രമുപയോഗിച്ചാണ് ജലാംശം വറ്റിച്ചെടുക്കുന്നത്.
വാരപ്പെട്ടി സർവീസ് സഹകരണ സംഘം
സ്ഥാപിതം: 1926 മാർച്ച് 20
അംഗങ്ങൾ: 9456
മൂലധനം : ₹ 106 കോടി
നിക്ഷേപം : ₹ 94 കോടി
വായ്പ് : ₹ 88 കോടി
"11 മാസം കൊണ്ട് സംഘത്തിന്റെ സംരംഭം വൻവിജയമായി. ഉത്പാദനയൂണിറ്റിൽ 20 പേർക്ക് നേരിട്ട് തൊഴിൽ നൽകാനും സാധിച്ചു. 12 മാസവും ഉത്പന്നങ്ങൾ ലഭിക്കുന്നതിന് 65 ജെ.എൽ.ജി. ഗ്രൂപ്പുകൾ രൂപീകരിച്ച് കൃഷി വിപുലീകരിച്ചു.
എം.ജി. രാമകൃഷ്ണൻ, പ്രസിഡന്റ്