തൃപ്പൂണിത്തുറ: ഗണിത ശാസ്ത്ര പണ്ഡിതനും സാമൂഹ്യ പ്രവർത്തകനും അഭയത്തിന്റെ സ്ഥാപകനുമായ പ്രൊഫ. വൈരേലിൽ കരുണാകരമേനോന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഏറ്റവും നല്ല സാമൂഹ്യ പ്രവർത്തനത്തിനുള്ള പ്രൊഫ.വൈരേലിൽ കരുണാകരമേനോൻ മെമ്മോറിയൽ അവാർഡ് കളമശേരി മെഡിക്കൽ കോളേജിലെ സൂപ്രണ്ടായ ഡോ. ഗണേഷ് മോഹനനും സംഘത്തിനും നൽകും. 5ന് വൈകിട്ട് 5.30ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളി പുരുഷോത്തമൻ അവാർഡ് നൽകും. അഭയം വൈസ് പ്രസിഡന്റും പ്രൊഫ.വൈരേലിൽ കരുണാകര മേനോന്റെ മകനുമായ എം. ബാലകൃഷ്ണനും ബ്ലഡ് യൂണിറ്റിന്റെ മുൻ കൺവീനറായിരുന്ന സി.കെ ഭാസ്കരമേനോനും മരണശേഷം സ്വന്തം ശരീരങ്ങൾ കളമശ്ശേരി മെഡിക്കൽ കോളേജിന് ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രങ്ങൾ നൽകും. അഭയം പ്രസിഡന്റ് ടി.എസ്. നായർ, എം.എൽ.എ. കെ.ബാബു, നഗരസഭാദ്ധ്യക്ഷ രമാ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, വാർഡ് കൗൺസിലർ ആന്റണി ജോ വർഗ്ഗീസ്, പീപ്പിൾസ് അർബൻ ബാങ്ക് ചെയർമാൻ സി.എൻ. സുന്ദരൻ തുടങ്ങിയവർ പങ്കെടുക്കും.