കൊച്ചി: രാഷ്ട്രീയത്തിനും സ്ഥാനമാനങ്ങൾക്കുമപ്പുറം പൊതുസമൂഹത്തിനും പരിസ്ഥിതിക്കും വേണ്ടി വിട്ടുവീഴ്ചയില്ലാത നിലപാടുകളിൽ അടിയുറച്ചുനിന്ന പി.ടി. തോമസ് എം.എൽ.എയ്ക്ക് കൊച്ചിയുടെ സ്മരണാഞ്ജലി. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 'പ്രിയപ്പെട്ടവൻ പി.ടി' ചടങ്ങിൽ പ്രതിപക്ഷ, ഭരണപക്ഷഭേദമില്ലാതെ നേതാക്കൾ പി.ടിയെ അനുസ്‌മരിച്ചു.
സ്ഥാനമാനങ്ങൾ കൊണ്ടല്ല, നിലപാടുകൾ കൊണ്ടാണ് പി.ടി. തോമസ് ജനങ്ങൾക്ക് സ്വീകാര്യനായതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
പറയുന്നതേ അദ്ദേഹം പ്രവർത്തിക്കൂ. പ്രവർത്തിക്കാവുന്നതേ പറയൂ. ജനങ്ങളിൽ അദ്ദേഹം നേടിയ വിശ്വാസം നിലനിറുത്തുന്ന പ്രവർത്തനമാണ് കോൺഗ്രസ് തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിന് പുതിയ മുഖം നൽകിയാണ് പി.ടി വിടവാങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജനങ്ങൾ നൽകിയ ആദരവ് അതിന്റെ തെളിവാണ്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ആർജവത്തോടെ പറയാൻ ഒരിക്കലും അദ്ദേഹം മടിച്ചിട്ടില്ല. നിയമസഭയിലും പൊതുവേദിയിലും രൂക്ഷമായി പ്രസംഗിച്ച അദ്ദേഹം എക്കാലത്തും കെ.എസ്.യു പ്രവർത്തകന്റെ ഉൗർജ്ജം സൂക്ഷിച്ചിരുന്നു.
പി.ടിയുടെ ജീവിതത്തിന്റെ മഹിമയാണ് മരണാനന്തരം ജനങ്ങൾ നൽകിയ ആദരവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. പാർട്ടിയിൽ തന്റെ ഏറ്റവും വിശ്വസ്തനായ സഹപ്രവർത്തകനായിരുന്നു. ഏതു കാര്യത്തിലും ആദ്യം സമീപിക്കാൻ കഴിയുന്ന വ്യക്തി. വിവാദ വിഷയങ്ങളെ നെഞ്ചൂക്ക് കൊണ്ട് നേരിടാൻ അദ്ദേഹത്തിന് കഴിഞ്ഞു.
നെഹ്റുവിന്റെ ചിന്താധാരകളാണ് അദ്ദേഹം പി.ടി പിന്തുടർന്നിരുന്നതെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി പറഞ്ഞു. പി.ടിയുടെ വിചാരങ്ങളിലേയ്ക്ക് കോൺഗ്രസ് മടങ്ങിവരണം.
വിയോജിപ്പ് മുഖത്തുനോക്കി തുറന്നു പറയാനുള്ള ആർജ്ജവം പി.ടിയുടെ പ്രത്യേകതയായിരുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അധികാരത്തിന് വേണ്ടി നിലപാടുകളിൽ വിട്ടുവീഴ്ച കാട്ടിയില്ല. അദ്ദേഹം സൃഷ്ടിക്കുന്ന നഷ്ടം നികത്താൻ കഴിയാത്തതാണ്.
സന്ദർഭങ്ങളെ സമചിത്തതയോടെ നേരിട്ട നേതാവാണ് പി.ടിയെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. ഇടുക്കിയിൽ 2014ൽ വീണ്ടും സീറ്റില്ലെന്ന് അറിയിച്ചത് താനാണ്. ഒരു എതിർവാക്ക് പോലും പറയാതെ എന്താണ് ചുമതലയെന്നാണ് തിരിച്ചുചോദിച്ചത്. കാസർകോട്ടെ ചുമതല ഏറ്റെടുത്തത് സ്വന്തം ഇഷ്ടപ്രകാരമാണ്. അത്രയ്ക്ക് സമചിത്തത അദ്ദേഹം കാണിക്കുമെന്ന് കരുതിയില്ലെന്ന് സുധീരൻ പറഞ്ഞു.
മർമ്മത്ത് കൊള്ളുന്ന പ്രസംഗമായിരുന്നു പി.ടി തോമസിന്റേതെന്ന് മുസ്ളീം ലീഗ് നേതാവ് ഡോ.എം.കെ. മുനീർ പറഞ്ഞു.
രാഷ്ട്രീയമായ വിയോജിപ്പുകളിലും നഗരത്തിന്റെ വികസനത്തിന് എല്ലാ പിന്തുണയും പി.ടി നൽകിയെന്നര മേയർ അഡ്വ.എം. അനിൽകുമാർ പറഞ്ഞു.
സി.എം.പി നേതാവ് സി.പി. ജോൺ, ആർ.എസ്.പി നേതാവ് കെ. രജികുമാർ, കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ്, കോൺഗ്രസ് നേതാക്കളായ ബെന്നി ബഹനാൻ എം.പി., അശോകൻ, കെ.വി. തോമസ്, കെ.പി. ധനപാലൻ, വി.പി. സജീന്ദ്രൻ, എം.എൽ.എമാരായ കെ. ബാബു., അൻവർ സാദത്ത്, റോജി എം. ജോൺ, ടി.ജെ. വിനോദ്, ജെബി മേത്തർ, ഡൊമിനിക് പ്രസന്റേഷൻ, ദീപ്തി മേരി വർഗീസ്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.