
കോലഞ്ചേരി: പ്രശസ്ത സുവിശേഷകനും ടി.വി പ്രഭാഷകനും ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ സ്ഥാപക പ്രസിഡന്റും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മുൻ പ്രിൻസിപ്പലുമായ പ്രൊഫ. എം.വൈ. യോഹന്നാൻ (85) നിര്യാതനായി. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് 3.45 ഓടെയാണ് മരണം. കുറെ നാളുകളായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. 1964ൽ കോലഞ്ചേരി സെന്റ്പീറ്റേഴ്സ് കോളേജിൽ മലയാള വിഭാഗത്തിൽ അദ്ധ്യാപകനായി. 30 വർഷം വകുപ്പുമേധാവിയായും മൂന്നുവർഷം പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.
17-ാം വയസുമുതൽ സുവിശേഷപ്രവൃത്തിയിയിൽ വ്യാപൃതനായിരുന്നു. മതപരിവർത്തനമല്ല, മന:പരിവർത്തനമാണ് വേണ്ടതെന്ന സന്ദേശവുമായി 1973 ൽ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് സ്ഥാപിച്ചു. നിരവധി സുവിശേഷ പ്രഘോഷണങ്ങളിലൂടെ വിദേശത്തുൾപ്പെടെ ലക്ഷക്കണക്കിനു പേരുള്ള വിശ്വാസസമൂഹത്തിന് രൂപം നൽകി. നൂറിലധികം സുവിശേഷ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കോലഞ്ചേരിക്ക് സമീപം കടയിരുപ്പിൽ മേച്ചങ്കര യോയാക്കി - മറിയാമ്മ ദമ്പതികളുടെ മകനായി 1935 ലാണ് ജനനം. കടയിരുപ്പ് നെച്ചുപ്പാടം കുടുംബാംഗവും റിട്ട. അദ്ധ്യാപികയുമായ ആലീസ് യോഹന്നനാണ് ഭാര്യ. മക്കൾ: ഡോ. ഐസക് ജോൺ (എം.ഡി, റാഫാ ഡയഗ്നോസ്റ്റിക്സ്), ജോസഫ് ജോൺ (മുൻ എം.ഡി കേഡർ, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്), മേരി ബേബി മേലേത്ത്, തോമസ് ജോൺ (എം.ഡി., അഗാപ്പെ ഡയഗ്നോസ്റ്റിക്സ്). മരുമക്കൾ: ബീന ഐസക് (ചിറയിൽ, പള്ളം, കോട്ടയം), സംഗീത ജോസഫ് (കുറ്റിപ്പുഴ, മാറാടി), ഡോ. ബേബി എബ്രഹാം (പഴന്തോട്ടം മേലേത്ത് കുടുംബാംഗം; ഡയറക്ടർ, എലിംസ് കോളേജ് ഒഫ് മാനേജ്‌മെന്റ്, തൃശൂർ), മീന തോമസ് (ചാന്ത്യം, കോലഞ്ചേരി).
മൃതദേഹം ഇന്ന് വൈകിട്ട് 6 ന് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 4 ന് വലമ്പൂർ സെന്റ്‌മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.