തൃപ്പൂണിത്തുറ: ജില്ലയിൽ കേരള കർഷകസംഘത്തിൽ അഞ്ചേകാൽ ലക്ഷം അംഗങ്ങളെ ചേർക്കാൻ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. ജില്ലയിലെ 16 ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുത്ത കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കർഷകർ നടത്തിയ സമരത്തിന്റെ ഐതിഹാസിക സമരത്തിന്റെ വിജയം കർഷക ജനതയുടെ ആത്മാഭിമാനം വർദ്ധിപ്പിക്കുന്നതിനും സംഘടിത ശക്തിക്കു മുന്നിൽ ഭരണകൂടത്തെ അടിയറവു പറയിക്കാൻ കഴിയുമെന്നതിന്റെ തെളിവായി മാറിയതായും എം.വിജയകുമാർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.വി ഏലിയാസ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം ഇസ്മയിൽ, ജില്ലാ സെക്രട്ടറി എം.സി സുരേന്ദ്രൻ, ഏരിയ സെക്രട്ടറി സി.കെ റജി എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.എം സുനിൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ള കർഷക ക്ഷേമപദ്ധതികളെക്കുറിച്ച് ക്ലാസെടുത്തു. ജില്ലയിൽ കർഷക ക്ഷേമനിധിയിൽ അർഹരായ മുഴുവൻ ആളുകളെയും അംഗമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും കൺവൻഷൻ തീരുമാനിച്ചു.