1

മട്ടാഞ്ചേരി: തൊഴിലാളികളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് മട്ടാഞ്ചേരി ജലഗതാഗത വകുപ്പിന്റെ ബോട്ടുജെട്ടി നിർമ്മാണം നിലച്ചു. നാല് വർഷങ്ങൾക്ക് ശേഷം ഏറെ പ്രതീക്ഷയോടെ തുടങ്ങിയ നവീകരണം തടസപ്പെട്ടതിന് പിന്നിൽ ഭരണകക്ഷി യൂണിയനാണെന്നാണ് ആരോപണം. 2018ലെ പ്രളയത്തിന് ശേഷം യാത്രാബോട്ട് അടുക്കുന്നതിന് തടസങ്ങൾ ഏറെ ചൂണ്ടിക്കാട്ടി ജലഗതാഗത വകുപ്പ് ബോട്ടുകൾ മട്ടാഞ്ചേരിയിൽ വരാതായി. പ്രതിദിനം ഇരുപതോളം ട്രിപ്പുകളിലായി ആയിരത്തിലേറെ യാത്രക്കാർക്ക് ആശ്രയമായിരുന്ന ബോട്ട് സർവ്വീസ് നിലച്ചത് കൊച്ചി തുറമുഖ നഗരി-എറണാകുളം നഗരം എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രക്കാർക്ക് ദുരിതമേകിയിരുന്നു. സമയ,​ സാമ്പത്തിക നഷ്ടത്തിനുമിടയാക്കിയിരുന്നു. ബോട്ട് ജെട്ടി തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് വിദേശികളടക്കം അണിനിരന്ന് സമരങ്ങളും നടന്നിരുന്നു. ബോട്ടുജെട്ടി ലഹരി സാമൂഹ്യവിരുദ്ധ താവളവുമായി മാറിയത് പ്രതിഷേധത്തിനുമിടയാക്കി. തുടർന്നാണ് ബോട്ടുജെട്ടി നവീകരണത്തിന് പൊതുമരാമത്ത്,​ ജലഗതാഗത വകുപ്പുകൾ തയ്യാറായത്. ഒരു കോടി രൂപ ചെലവഴിച്ചുള്ള നവീകരണത്തിന് കഴിഞ്ഞ നവംബർ 22ന് തുടക്കവും കുറിച്ചു. ബോട്ടുജെട്ടിയോട് ചേർന്ന് അടിഞ്ഞു കൂടിയ എക്കൽ നീക്കം ചെയ്യുകയും ബോട്ടിന് ക്ഷതമേൽക്കാൻ സാദ്ധ്യതയുള്ള മരത്തടികളും കെട്ടിടാവശിഷ്ടങ്ങളും നീക്കം ചെയ്തും പുതിയ കെട്ടിടവും നിർമ്മിച്ചുള്ള നവീകരണമാണ് തുടങ്ങിയത്. നിർമ്മാണ പ്രവർത്തനത്തിലെ തൊഴിലാളി അനുപാതവും കണക്കാക്കിയെങ്കിലും പ്രാദേശിക പ്രാധാന്യത്തെ എതിർത്തു കൊണ്ട് ഭരണകക്ഷി അനുഭാവി തൊഴിലാളി യൂണിയൻ രംഗത്തുവന്നത് ജെട്ടി നവീകരണത്തിന് തടസമായി. ഇതോടെയാണ് നിർമ്മാണ പ്രവർത്തനം സ്തംഭിച്ചത്. നവീകരണം നിലച്ചതോടെ പ്രതിഷേധ സമരങ്ങൾക്കൊരുങ്ങുകയാണ് ജനകീയ സംഘടനകൾ.