venkaiya-nayidu
ലക്ഷദ്വീപ് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉപരാഷ്ട്രപതി എം. വെ‌ങ്കയനായ്യിഡുവിന് കൊച്ചി നാവികത്താവളത്തിൽ നൽകിയ സ്വീകരണം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി പി.രാജീവ്, മേയർ അഡ്വ.എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എന്നിവർ സമീപം

കൊച്ചി: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിർമ്മാണം പുരോഗമിക്കുന്ന വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് സന്ദർശിച്ചു. ഹാംഗർ ഡെക്കിലും ഫ്‌ളൈറ്റ് ഡെക്കിലും അദ്ദേഹം കയറി. ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ അനുഗമിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി പി. രാജീവ്, ദക്ഷിണ നാവിക കമാൻഡ് ചീഫ് ഒഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആന്റണി ജോർജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം രാവിലെ 10.45ന് കൊച്ചിയിൽ തിരിച്ചെത്തിയ ഉപരാഷ്ട്രപതിക്ക് നാവികസേനാ വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി പി.രാജീവ്, മേയർ അഡ്വ.എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, എ.ഡി.ജി.പി വിജയ് സാഖറെ, ജില്ലാ കളക്ടർ ജാഫർ മാലിക് തുടങ്ങിയവർ ചേർന്നാണ് സ്വീകരിച്ചത്. സേനയുടെ ഗാർഡ് ഒഫ് ഓണർ ഉപരാഷ്ട്രപതി സ്വീകരിച്ചു.

ആസാദി കാ അമൃത് മഹോത്സവം ആഘോഷങ്ങളുടെ ഭാഗമായി നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി (എൻ.പി.ഒ.എൽ) യിൽ ടോവ്ഡ് അറേ ഇന്റ‌ർഗ്രേഷൻ ഫെസിലിറ്റിയുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു. മുൻരാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. നാവിക സേനയ്ക്ക് ഓട്ടോമേറ്റഡ് സോണാർ ട്രെയിനർ കൈമാറി.

ഇന്ന് കൊച്ചിയിലും കോട്ടയത്തും വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം നാലിന് രാവിലെ കൊച്ചി വ്യോമസേനാ വിമാനത്താവളത്തിൽ നിന്നും നാഗ്പൂരിലേക്ക് മടങ്ങും.