
കൊച്ചി: ഒമിക്രോൺ ഭയാശങ്കകളെപ്പോലും ഗൗനിക്കാതെ പ്രിയനേതാവിന്റെ ഓർമ്മകളുമായി കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഇന്നലെ രാവിലെ പി.ടി തോമസിന്റെ വീട്ടിലേക്ക് ഒരിക്കൽ കൂടി ഒഴുകിയെത്തി. ജന്മനാടായ ഇടുക്കി ഉപ്പുതോട്ടിലെ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ അമ്മ അന്നമ്മയുടെ കല്ലറയിൽ അടക്കം ചെയ്യാൻ പി.ടിയുടെ ചിതാഭസ്മം കൊണ്ടുപോകുന്ന സ്മൃതിയാത്രയുടെ ചടങ്ങ് ദു:ഖസാന്ദ്രമായി.
സമയകൃത്യതയിൽ കണിശക്കാരനായിരുന്ന പി.ടി.തോമസിന്റെ ചിതാഭസ്മയാത്ര രാവിലെ ഏഴിന് നിശ്ചയിച്ചിരുന്നതാണെങ്കിലും നേതാക്കളുടെയും പ്രവർത്തകരുടെയും ബാഹുല്യം മൂലം അരമണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം. സുധീരനും എം.എം.ഹസനും നേരത്തേ തന്നെ സ്ഥലത്തെത്തിയിരുന്നു. വൈലാശേരി വീട്ടിലെ ഉമ്മറത്ത് ചുമരിലെ ബുദ്ധന്റെ ചിത്രത്തിന് താഴെ സുസ്മേരവദനനായ പി.ടിയുടെ ഫോട്ടോയുടെ മുന്നിൽ ഒറ്റതിരിയിൽ എരിയുന്ന നിലവിളക്കിനും ചിതാഭസ്മകലശത്തിനുമരികിൽ നേതാക്കൾ ദീർഘനേരം മൗനമായിരുന്നു.
പി.ടിയുടെ ഭാര്യ ഉമയിൽ നിന്ന് ചിതാഭസ്മ കലശം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ചേർന്ന് ഏറ്റുവാങ്ങി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന് കൈമാറി.
അലങ്കരിച്ച തുറന്ന വാഹനത്തിൽ ഉമ തോമസും മക്കളായ വിഷ്ണുവും വിവേകും വി.പി.സജീന്ദ്രനും കയറി. നിലവിളക്കിൽ നിന്ന് വാഹനത്തിലെ ദീപശിഖയിലേക്ക് തീനാളം പകർന്നു. പി.ടിയുടെ പ്രിയഗാനമായ 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീര'ത്തിന്റെ അകമ്പടിയോടെയായിരുന്നു സ്മൃതിയാത്രയും.
കേരള ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹ്നാൻ, എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, അൻവർ സാദത്ത്, വി.ടി. ബലറാം, പി.സി. വിഷ്ണുനാഥ്, റോജി ജോൺ, മുൻ കേന്ദ്രമന്ത്രി കെ.വി.തോമസ്, കെ.പി.ധനപാലൻ, മുൻമേയർമാരായ സൗമിനി ജെയിൻ, ടോണി ചമ്മിണി, രാഹുൽ മാങ്കൂട്ടത്തിൽ, ഡാെമിനിക് പ്രസന്റേഷൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കാനെത്തി.
കളമശേരി, ആലുവ റെയിൽവേ സ്റ്റേഷൻ, തടിയിട്ടപറമ്പ് ജംഗ്ഷൻ, പെരുമ്പാവൂർ യാത്രിനിവാസ്, കോതമംഗലം ഗാന്ധി സ്ക്വയർ, നേര്യമംഗലം എന്നിവിടങ്ങളിൽ ആദരാഞ്ജലികൾ ഏറ്റുവാങ്ങിയാണ് സ്മൃതിയാത്ര ഇടുക്കി ജില്ലയിലേക്ക് പ്രവേശിച്ചത്.
നിമജ്ജനം പിന്നീട്
പി.ടി.തോമസിന്റെ ചിതാഭസ്മം നാല് കലശങ്ങളിലാണ് ശേഖരിച്ചത്. ബാക്കിയുള്ള രണ്ട് കലശങ്ങളിലെ ചിതാഭസ്മം തിരുനെല്ലി പാപനാശിനിയിലും ഗംഗയിലും ഒഴുക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. തീയതികൾ തീരുമാനിച്ചിട്ടില്ല. നാലാമത്തെ കലശം വീട്ടിൽ തന്നെ സൂക്ഷിക്കാനാണ് സാദ്ധ്യത.
പുഷ്പാലംകൃത സ്മൃതിയാത്ര
തന്റെ മൃതശരീരത്തിൽ പുഷ്പചക്രങ്ങൾ അർപ്പിക്കരുതെന്ന പി.ടിയുടെ അന്ത്യാഭിലാഷം പാർട്ടി അണികളും ജനങ്ങളും അണുവിട തെറ്റാതെ കാത്തെങ്കിലും ചിതാഭസ്മവും വഹിച്ചുള്ള സ്മൃതിയാത്രാ വാഹനം പുഷ്പാലംകൃതമായിരുന്നു. പലയിടങ്ങളിലും പ്രവർത്തകർ പുഷ്പാർച്ചനയും നടത്തി.