
കൊച്ചി: ഭക്ഷ്യവിളകൾ ഏതുമാകട്ടെ കൃഷി ജൈവമാണെങ്കിൽ വിപണി ഇടപ്പള്ളിയിലുണ്ട്. അതാണ്, രാസവളവും മാരകമായ കീടനാശിനിയുമില്ലാത്ത കാർഷികോത്പന്നങ്ങൾ മാത്രം സംഭരിച്ച് വിതരണം ചെയ്യുന്ന ഇടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ ജൈവകലവറ.
അളവും തൂക്കവും എത്രയുമാകട്ടെ ജൈവസർട്ടിഫിക്കേഷനുള്ള കാന്താരിമുളകും കറിവേപ്പിലയും മുതൽ അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി, പഴവർഗങ്ങൾ, തേൻ, മുട്ട, പാൽ, പാൽ ഉത്പന്നങ്ങൾ തുടങ്ങി ഭക്ഷ്യവസ്തുക്കളെന്തും ജൈവകലവറയിലൂടെ കൈമാറ്റം ചെയ്യാം. ബാങ്കിന്റെ ആസ്ഥാന മന്ദിരത്തിനോടടുത്ത് ഇടപ്പള്ളി കവലയിലാണ് കലവറ. സംഘാംഗങ്ങൾ കൃഷി ചെയ്യുന്ന വിഷരഹിത ജൈവ ഉത്പന്നങ്ങൾക്കാണ് മുഖ്യപരിഗണനയെങ്കിലും ജൈവസർട്ടിഫിക്കേഷനുള്ള മറ്റ് കർഷകരുടെ ഉത്പന്നങ്ങളും ഇവിടെ സംഭരിക്കും. വയനാട്, പാലക്കാട്, നെടുമ്പാശേരി എന്നിവിടങ്ങളിൽ നിന്നുള്ള ജൈവ അരിയും ലഭ്യമാണ്.
 സ്വാശ്രയ കൃഷിസംഘങ്ങൾ
10 മുതൽ 20 അംഗങ്ങൾ വരെയുള്ള സംഘങ്ങൾ രൂപീകരിച്ച് ജൈവകൃഷി പ്രോത്സാഹിപ്പിച്ചാണ് സഹകരണ സംഘം ഈ രംഗത്ത് നേട്ടം കൈവരിച്ചത്. ടെറസിലോ വീട്ടുമുറ്റത്തോ പാട്ടഭൂമിയിലോ കൃഷി ചെയ്യാൻ താൽപര്യമുള്ളവരെ മാത്രം ഉൾപ്പെടുത്തി സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ച് 4 ശതമാനം പലിശനിരക്കിൽ വായ്പ അനുവദിച്ചു. പദ്ധതി വൻവിജയമായതോടെ കൂടുതൽ ആളുകൾ മുമ്പോട്ടുവന്നു. വളം, കീടനാശിനി, പച്ചക്കറി തൈകൾ തുടങ്ങി എല്ലാ അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കി. വിളവെടുക്കുന്ന ഉത്പന്നങ്ങൾ സഹകരണസംഘം നേരിട്ട് ശേഖരിച്ചു. കർഷകർക്ക് മികച്ചവിലയും വിപണിയും തുടക്കം മുതലേ ഉറപ്പാക്കി. സംഘത്തിന്റെ സ്വന്തം സ്ഥലത്തും സ്വകാര്യവ്യക്തികൾ സൗജന്യമായി വിട്ടുനൽകിയ ഭൂമിയിലും സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കപ്പ ഉത്പാദിപ്പിച്ച്, ജൈവകലവറയിലൂടെ വിറ്റഴിച്ച് ലാഭമുണ്ടാക്കി.
''ഇല്ലായ്മയിൽ നിന്ന് സൂക്ഷ്മതയോടെ സ്വരുക്കൂട്ടിയ പ്രസ്ഥാനമാണ് ഇടപ്പള്ളി സർവീസ് സഹകരണ ബാങ്ക്. നഗരപ്രദേശം എന്ന നിലയിൽ ഒരു പ്രാഥമിക കാർഷിക സഹകരണ സംഘത്തിനുള്ള എല്ലാ പരിമിതികളും ഉണ്ടായിരുന്നു. അംഗങ്ങൾക്കിടയിൽ ജൈവകൃഷിയും മുട്ടക്കോഴി വളർത്തൽ പ്രോത്സാഹിപ്പിച്ചുമാണ് ജൈവകലവറയുടെ പ്രവർത്തനം തുടങ്ങിയത്.പിന്നീട് പുറത്തുള്ള കർഷകർക്കുകൂടി പ്രയോജനപ്പെടുന്ന രീതിയിൽ വിപുലീകരിച്ചു.''
എൻ.എ. മണി,
പ്രസിഡന്റ്,
ഇടപ്പള്ളി സർവീസ് സഹകരണ സംഘം