
കോതമംഗലം: പുതുവർഷപ്പുലരിയിൽ ജോലി കഴിഞ്ഞ് സഹപ്രവർത്തകനൊപ്പം വള്ളത്തിൽ മടങ്ങവേ ദുരൂഹസാഹചര്യത്തിൽ കാണാതായ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വാച്ചറുടെ മൃതദേഹം പെരിയാറ്റിൽ കണ്ടെത്തി. തട്ടേക്കാടിന് സമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന വടക്കേക്കര എൽദോസാണ് മരിച്ചത്. ഓവുങ്കൽ കടവിൽ ഡ്യൂട്ടിയിലായിരുന്ന എൽദോസും മറ്റൊരു വാച്ചർ രാജനും വള്ളത്തിൽ മടങ്ങുമ്പോഴാണ് എൽദോസിനെ കാണാതായത്.
ഫയർഫോഴ്സ്, വനം വകുപ്പ് ,പൊലീസ് എന്നിവരും നാട്ടുകാരും പെരിയാറ്റിലും വനമേഖലയിലും തെരച്ചിൽ തുടരവേ, പെരിയാറിൽ ചെട്ടിപ്പിള്ളി ഭാഗത്താണ് ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. എൽദോസിന്റെ ചെരുപ്പ് ചെട്ടിപ്പിള്ളി ഭാഗത്തു നിന്ന് പൊലീസിന് ലഭിച്ചിരുന്നു. വസ്ത്രവും മൊബൈൽ ഫോണും ഓവുങ്കൽ കടവിലും കണ്ടെത്തി.
എൽദോസും രാജനും വള്ളത്തിൽ സഞ്ചരിക്കുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. എൽദോസ് കൂടെ വന്നെങ്കിലും മറ്റൊരു സ്ഥലത്ത് ഇറങ്ങി എന്നായിരുന്നു രാജൻ പൊലീസിന് നൽകിയ മൊഴി. രാജനെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.