
തൃപ്പൂണിത്തുറ: പാലസ് ഓവൽ ഗ്രൗണ്ടിൽ നടന്ന 71-ാം അഖിലേന്ത്യ പൂജ നോക്കൗട്ട് ക്രിക്കറ്റ് ടൂർണ്ണമെന്റ് ഫൈനലിൽ ജോളി റോവേഴ്സ് കോയമ്പത്തൂർ ആറ് വിക്കറ്റിന് വിജയിച്ചു. ചെന്നൈ ജി.എസ്.ടി ആൻഡ് സെൻട്രൽ എക്സൈസ് ടീമിനെയാണ് കോയമ്പത്തൂർ ടീം പരാജയപ്പെടുത്തിയത്. ടോസ് നേടിയ കോയമ്പത്തൂർ ടീം ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ 37.2 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കോയമ്പത്തൂർ 25.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എടുത്ത് വിജയ ലക്ഷ്യം കണ്ടു. പി.നിർമ്മൽകുമാർ മാൻ ഒഫ് ദ മാച്ചായി. അഖിൽ എം.എസ് മാൻ ഒഫ് ദ സീരീസും തുഷാർ സിംഗ് ബെസ്റ്റ് ബാറ്റ്സ്‌മാനായും എൻ. അഫ്രാദ് ബെസ്റ്റ് ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തെ തുടർന്ന് നടന്ന സമ്മാന വിതരണത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അഡ്വ.ശ്രീജിത്ത് നായർ മുഖ്യാതിഥിയായി. സി.പി പ്രതാപൻ അദ്ധ്യക്ഷനായി. കാർത്തികേയ വർമ്മ, ബിജു ജോൺ, ഡോ.കുനാൽ വിശ്വം തുടങ്ങിയവർ സംസാരിച്ചു.