മൂവാറ്റുപുഴ: കക്കടാശേരി-കാളിയാർ റോഡ് വികസനം യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമായി. കക്കടാശേരി മുതൽ ഞാറക്കാട് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും റോഡ് പുറമ്പോക്കും സ്വകാര്യ ഭൂമിയും ഉൾപ്പെടെ റോഡ് വികസനത്തിനായി ലഭ്യമാക്കാൻ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്നാണ് ആവശ്യം.

സാദ്ധ്യമായ രീതിയിൽ റോഡിലെ വീതിക്കുറവ് പരിഹരിച്ചും കൊടുംവളവുകൾ നിവർത്തിയും ഫലപ്രദമായി റോഡ് നിർമ്മാണം നടത്തണം. അതിനായി പദ്ധതി പ്രദേശത്തെ ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി നേതൃത്വം, ഉദ്യോഗസ്ഥർ എന്നിവരുമായി ചേർന്ന് സ്വകാര്യ വ്യക്തികളുമായി സംസാരിച്ച് മാസ്റ്റർപ്ലാൻ തയ്യാറാക്കണം. കേവലം ബി.എം.ബി.സി റോഡ് നിലവാരത്തിലേക്ക് ഒതുങ്ങുന്നതാകരുത് റോഡ് നിർമ്മാണം.

കക്കടാശേരി മുതൽ ഞാറക്കാട് വരെ 20.60 കിലോമീറ്റർ വരുന്ന റോഡ് ആധുനിക രീതിയിൽ വികസിപ്പിക്കാനാണ് പദ്ധതി. പാത കടന്നുപോകുന്ന ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂർ,പഞ്ചായത്തുകളിലെ പ്രധാനകവലകൾ വികസിപ്പിച്ചും വളവുകൾ നിവർത്തിയും പാലങ്ങളും കലുങ്കുകളും ഓടകളും പണിത് അടിസ്ഥാനസൗകര്യങ്ങൾ പൂർത്തീകരിച്ചും യാഥാർത്ഥ്യമാക്കാൻ ലക്ഷ്യമിടുന്ന ബൃഹദ് പദ്ധതിയാണിത്. റോഡിലെ പ്രധാന പാലമായ കക്കടാശേരി പാലത്തിന്റെ ഇരുവശത്തും നടപ്പാതയും നിർമിക്കണം.

 റോഡിന്റെ ദൈർഘ്യം 50 കിലോമീറ്റർ

നിർദിഷ്ട കക്കടാശേരി-ചേലച്ചുവട് പാത പദ്ധതിക്ക് പുതുജീവൽ നൽകിക്കൊണ്ടാണ് റീബിൽഡ് കേരളം പദ്ധതിയിൽപെടുത്തി റോഡ് വികസനം നടത്തുന്നത്. കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിലെ കക്കടാശേരിയിൽ തുടങ്ങി കോതമംഗലം -ഇടുക്കി റോഡിലെ ചേലച്ചുവട് വരെയെത്തുന്ന 50 കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണിത്. കൊച്ചിയിൽ നിന്ന് മറ്റു റൂട്ടുകളെ അപേക്ഷിച്ചു ഇടുക്കിയിലെത്താൻ 15 കിലോമീറ്ററിലധികം ദൂരക്കുറവും എറണാകുളം -ഇടുക്കി യാത്ര ദൂരത്തിൽ 35 കിലോമീറ്റർ ദൂരക്കുറവും നിരവധി ഗ്രാമങ്ങളുടെ ഗതാഗത വികസനവുമാണ് പദ്ധതി ആകർഷകമാക്കുന്നത്. ആലപ്പുഴ -മധുര സംസ്ഥാനഹൈവേ പദ്ധതിയിൽ ചേലച്ചുവടിനെയും മുരിക്കാശേരിയെയും ബന്ധിപ്പിക്കുന്ന പാലംകൂടി യാഥാർത്ഥ്യമായതോടെ എറണാകുളത്തുനിന്ന് മൂവാറ്റുപുഴവഴി ഈ പാതയിലൂടെ മേലേചിന്നാർ, ബഥേൽ, നെടുങ്കണ്ടം, കമ്പംമെട്ടുവഴി മധുരയ്ക്ക് 50 കിലോമീറ്ററോളം ദൂരക്കുറവുമുണ്ടാകും,

 ടൂറിസം മേഖലകളും വികസിക്കും

എറണാകുളം ജില്ലയിലെ ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രദേശങ്ങളിലൂടെയും ഇടുക്കിജില്ലയിലെ വണ്ണപ്പുറം, മുണ്ടൻമുടി, വെണ്മണി, കഞ്ഞിക്കുഴി പ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന നിർദ്ദിഷ്ട സംസ്ഥാനപാത നിരവധി ഗ്രാമങ്ങളുടെയും കോട്ടപ്പാറ, തൊമ്മൻകുത്ത് ഉൾപ്പെടെയുള്ള ടൂറിസം മേഖലകളുടെയും വികസനത്തിന് വഴിതുറക്കും. 67 കോടി രൂപയാണ് നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

അടിയന്തര യോഗം വിളിക്കണം

കക്കടാശേരി -കാളിയാർറോഡ് വികസനം വേഗത്തിൽ നടപ്പാക്കാൻ അടിയന്തര യോഗം വിളിക്കണം

എൽദോ എബ്രഹാം

മുൻ എം.എൽ.എ