malinyam
പെരിയാർ വാലി മുളവൂർ ബ്രാഞ്ച് കനാലിലെ പൊന്നിരിക്കപറമ്പ് ഭാഗത്ത് വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ മാലിന്യങ്ങൾ

മൂവാറ്റുപുഴ: പെരിയാർവാലിയിൽ ഇരുമ്പ് നെറ്റ് സ്ഥാപിച്ചിട്ടും പെരിയാർവാലി ബ്രാഞ്ച് കനാലിൽ വെള്ളത്തോടൊപ്പം ഒഴുകിയെത്തുന്നത് ലോഡ് കണക്കിന് മാലിന്യം. പെരിയാർവാലി മുളവൂർ ബ്രാഞ്ച് കനാലിലെ പായിപ്ര ഗ്രാമപഞ്ചായത്ത് മുളവൂർ അഞ്ചാംവാർഡിലെ പൊന്നിരിക്കപറമ്പ് ഭാഗത്ത് മാലിന്യങ്ങൾ അടിഞ്ഞുകൂടി വർഷങ്ങളായി പ്രദേശവാസികൾക്ക് ദുരിതം വിതക്കുന്നു . കനാലിലെ ആരംഭംമുതലുള്ള മുഴുവൻ മാലിന്യങ്ങളും ഒഴുകിവന്ന് അടിഞ്ഞുചേരുന്നത് മുളവൂർ ബ്രാഞ്ച് കനാലിലെ പൊന്നിരിക്കപ്പറമ്പിലാണ്.

2017 മേയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെത്തുടർന്ന് വിഷയത്തിൽ അടിയന്തരപരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകിയെങ്കിലും അഞ്ച് വർഷം കഴിഞ്ഞിട്ടും തുടർനടപടിയെന്നുമില്ല. 2017 ജൂലായിൽ കളക്ടർ ഉത്തരവ് നൽകിയെങ്കിലും ബന്ധപ്പെട്ടവർ കണ്ടതായി നടിച്ചില്ല. 2021ൽ വീണ്ടും പ്രദേശവാസികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെത്തുടർന്ന് വിഷയത്തിൽ അടിയന്തരപരിഹാരം കാണാൻ മുഖ്യമന്ത്രി പെരിയാർവാലി - തദ്ദേശ സ്വയംഭരണവകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതിനെത്തുടർന്ന് മുളവൂർ ബ്രാഞ്ച് കനാലിൽ പെരിയാർവാലി അധികൃതർ ഇരുമ്പുനെറ്റ് സ്ഥാപിച്ചു. എന്നാൽ പായിപ്ര പഞ്ചായത്ത് അതിർത്തിയിൽ അടക്കം വിവിധ സ്ഥലങ്ങളിൽ നെറ്റ് സ്ഥാപിക്കാത്തതിനാൽ മാലിന്യക്കൂമ്പാരമൊഴുകി എത്തിയത് നെറ്റ് തകരാൻ കാരണമായി. സമീപകനാലിൽ നിന്നടക്കം മുഴുവൻ മാലിന്യങ്ങളും അടിഞ്ഞുകൂടി ഒഴുകിയെത്തുന്നതിനാൽ സമീപവാസികൾ ദുർഗന്ധം കാരണം ശ്വാസംമുട്ടി ജീവിക്കേണ്ട ഗതികേടിലാണ്. പകർച്ചവ്യാധികളും പിടിമുറുക്കുന്നു.

 സർവമാലിന്യങ്ങളും ഒന്നിച്ച് ഒഴുകിയെത്തുന്നു

നെല്ലിക്കുഴി മുതലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും അറവ് മാലിന്യങ്ങളും മത്സ്യ കടകളിൽ നിന്നുള്ള മാലിന്യങ്ങളും വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ചാക്കുകളിൽ നിറച്ച മാലിന്യങ്ങളും വിവാഹവീടുകളിൽ നിന്നുള്ള മാലിന്യങ്ങളെല്ലാം ഒഴുകിയെത്തി ഇവിടെയാണ് അടിഞ്ഞുകൂടുന്നത്. നൂറുകണക്കിന് ആളുകൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കനാലാണിത്. കനാൽ നിർമിച്ച ഘട്ടത്തിൽ വെള്ളം ഒഴുകുന്നതിന് നടപ്പാതകൾക്ക് അടിയിൽ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ലക്ഷങ്ങൾ മുടക്കി പുതിയ നടപ്പാലങ്ങൾ നിർമിച്ചതോടെ ഒരുപ്രദേശത്തിനാകെ ദുരിതം സമ്മാനിക്കുകയായിരുന്നു.

 നടപടി വേണം

കനാലിലെ വെള്ളമൊഴുക്ക് സുഗമമാക്കി ജനങ്ങളെ മാലിന്യങ്ങളുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തുന്നതിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം

കെ.എം.ഫൈസൽ,

മുളവൂർ വിജ്ഞാനപോഷിണി ഗ്രന്ഥശാല