ആലുവ: പത്തേക്കർ തരിശുപാടത്ത് നെൽക്കൃഷി വിജയകരമായപ്പോൾ 25 ഏക്കറിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി കർഷക കൂട്ടായ്മ. എടത്തല കുഴിവേലിപ്പടി തേക്കിലക്കാട് പാടശേഖരസമിതിയുടെ മുണ്ടകൻ കൃഷിയിലാണ് കർഷകർക്ക് മികച്ച വിളവ് ലഭിച്ചത്.
ഇന്നലെയാരംഭിച്ച പത്തേക്കറിലെ വിളവെടുപ്പ് കൊയ്ത്തുയന്ത്രം ഉപയോഗിച്ച് രണ്ടുദിവസംകൊണ്ട് പൂർത്തിയാക്കാനാണ് തീരുമാനം. പൂർണമായും ജൈവരീതിയിലായിരുന്നു കൃഷി. ഉത്പാദിപ്പിച്ചെടുത്ത വിളവ് നെല്ലായും അരിയാക്കിയും ആവശ്യക്കാർക്ക് മിതമായ നിരക്കിൽ വിതരണം ചെയ്യും. കൃഷിക്കാവശ്യമായ പണം തേക്കിലക്കാട് പാടശേഖരസമിതി കർഷക കൂട്ടായ്മയിലൂടെയാണ് കണ്ടെത്തിയത്. പാടശേഖരസമിതിയിലെ കർഷകർതന്നെയാണ് കൃഷിപ്പണി ചെയ്തത്. കൃഷിഭവൻ, ബ്ലോക്ക് കൃഷിവിഭാഗം തുടങ്ങിയവയുടെ സഹകരണവും ഉണ്ടായിരുന്നു.
മുണ്ടകൻ കൃഷിയുടെ കൊയ്ത്തുത്സവം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ അസീസ് മൂലയിൽ ഉദ്ഘാടനം ചെയ്തു. എടത്തല കൃഷിഓഫീസർ മരിയറ്റ് ജോസ്, പാടശേഖരസമിതിയുടെ പ്രസിഡന്റ് ടി.എൻ. സുരേന്ദ്രൻ, സെക്രട്ടറി ടി.എൻ. സോമൻ തുടങ്ങിയവർ നേതൃത്വം നൽകി.