p

കൊച്ചി: കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസിലെ അപ്പീൽ വാദത്തിന്റെ ഭാഗമായി മുഖ്യപ്രതി തടിയന്റവിട നസീറിനെ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ഹൈക്കോടതിയിലെത്തിച്ചു. എൻ.ഐ.എ കോടതി വിധിച്ച മൂന്ന് ജീവപര്യന്തം തടവ് ഉത്തരവിനെ ചോദ്യം ചെയ്താണ് അപ്പീൽ. കേസ് നേരിട്ട് വാദിക്കുമെന്ന് നസീർ അറിയിച്ചതിനെ തുടർന്നാണ് രജിസ്ട്രിയുടെ നിർദ്ദേശപ്രകാരം കോടതിയിൽ ഹാജരാക്കിയത്. വാദിക്കാൻ അഭിഭാഷകനെ നിയോഗിച്ചതിനെ തുടർന്ന് നസീറിനെ ജയിലിലേക്ക് തിരിച്ചയച്ചു.
നടപടികൾ കാണാൻ നസീറിന് ഓൺലൈനിൽ ഹാജരാകാമെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അറിയിച്ചു. എൻ.ഐ.എക്ക് വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ ഹാജരാകുമെന്ന് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ അറിയിച്ചു. അപ്പീൽ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
2006 മാർച്ചിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി, മൊഫ്യൂസൽ ബസ് സ്റ്റാൻഡുകളിലുണ്ടായ സ്‌ഫോടനക്കേസുകളിൽ ഒന്നാം പ്രതിയാണ് നസീർ. നസീറിന് കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതി മൂന്ന് ജീവപര്യന്തവും നാലാം പ്രതി ഷഫാസിന് ഇരട്ടജീവപര്യന്തവും വിധിച്ചിരുന്നു. ഇരുവരും സമർപ്പിച്ച അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.