പറവൂർ: പറവൂർ നഗരസഭയിൽ 37 അംഗങ്ങളുള്ള ഹരിതകർമ്മസേനയുടെ പ്രവർത്തനം തുടങ്ങി. 'ക്ലീൻ പറവൂർ ഗ്രീൻ പറവൂർ' പദ്ധതിയുടെ ഭാഗമായി എല്ലാ വാർഡുകളിലെയും വീടുകളിൽനിന്ന് സേന മാലിന്യങ്ങൾ ശേഖരിക്കും. കഴുകി ഉണക്കിയ വൃത്തിയുള്ള പ്ലാസ്റ്റിക്കുകൾ മാത്രമേ ശേഖരിക്കൂ. മാസം 50 രൂപ ഈടാക്കും. കേസരി റോഡിലെ ശാന്തി നികേതൻ ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ നിന്നും മാലിന്യം ശേഖരിച്ചാണ് പ്രവർത്തനം തുടങ്ങിയത്. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. ശ്യാമള ഗോവിന്ദൻ, ബീന ശശിധരൻ, സജി നമ്പിയത്ത്, ഹെൽത്ത് സൂപ്പർവൈസർ പി.പി. ബൈജു തുടങ്ങിയവർ പ്രസംഗിച്ചു. മാലിന്യശേഖരണ പദ്ധതിയിൽ എല്ലാവരും പങ്കാളികളാകണമെന്നും അംഗത്വമെടുക്കാത്തവർക്ക് നഗരസഭയിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും ചെയർപേഴ്സൺ അറിയിച്ചു.