ആലുവ: ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പിലൂടെ യുവതിക്ക് നഷ്ടപ്പെട്ട 70,000 രൂപ റൂറൽ സൈബർ പൊലീസിന്റെ ഇടപെടൽ മൂലം തിരികെ കിട്ടി. ക്രെഡിറ്റ് കാർഡിൽ നിന്നാണ് പറവൂർ സ്വദേശിനിയായ യുവതിക്ക് പണം നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം ഇവർക്ക് 80,000 രൂപയോളം ക്രെഡിറ്റ് കാർഡ് ബില്ലുണ്ടായിരുന്നു. ഈ തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ആയിട്ടും ബിൽ അടയ്ക്കാൻ ആവശ്യപ്പെട്ട് യുവതിക്ക് നിരന്തരം ഫോൺ കോളുകൾ വന്നു.
തുടർന്ന് ഇന്റർനെറ്റിൽ നിന്നു ലഭിച്ച ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെട്ടു. ഇത് ഒൺലൈൻ തട്ടിപ്പ് സംഘത്തിന്റെ നമ്പർ ആണെന്നറിയാതെ അവർ നിർദേശിച്ച ആപ്പ് ഡൗൺലോഡ് ചെയ്യുകയും കാർഡ് വിവരങ്ങളും മറ്റും നൽകുകയും ചെയ്തു. ഉടൻ തന്നെ ക്രെഡിറ്റ് കാർഡിൽ ബാലൻസുണ്ടായിരുന്ന 70,000 രൂപ മൂന്നു തവണയായി സംഘം കവർന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തിൽ സൈബർ പൊലീസ് സ്റ്റേഷനിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷിക്കുകയുമായിരുന്നു. ബാങ്കുമായും പരാതിക്കാരി ഉപയോഗിച്ച ആപ്പുമായും ബന്ധപ്പെടുകയും തട്ടിയെടുത്ത പണം മരവിപ്പിക്കുകയും ചെയ്തു.
തുടർന്ന് പണം യുവതിയുടെ അക്കൗണ്ടിൽ തിരിച്ചെത്തിക്കാൻ നടപടിയെടുത്തു.
ഉത്തരേന്ത്യൻ ഓൺലൈൻ തട്ടിപ്പുസംഘമായിരുന്നു ഇതിനു പിന്നിൽ. പ്രതികളെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചു. എസ്.എച്ച്. ഒ എം.ബി ലത്തീഫ്, എസ്.ഐ കൃഷ്ണകുമാർ, സി.പി.ഒ മാരായ ഹൈനീഷ്, ലിജോ, ജെറി കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.