
മരട്: നെട്ടൂരിലെ വിവിധ വാർഡുകളിൽ കുടിവെള്ളം കിട്ടാതായതിനെ തുടർന്ന് ജനം ദുരിതത്തിലായി. 1, 23, 33 വാർഡുകളിലെ ആളുകളാണ് ഒരു മാസമായി കുടിവെള്ളം കിട്ടാതെ വലയുന്നത്. തുടർന്ന് കൗൺസിലർമാരും നാട്ടുകാരും കുത്തിയിരിപ്പ് സമരം നടത്തി. രണ്ടാഴ്ച മുമ്പും നെട്ടൂരിലെ വാട്ടർ അതോറിട്ടിയുടെ ജലവിതരണ കേന്ദ്രത്തിനു മുന്നിലും ജനപ്രതിനിധികൾ ഇതേ ആവശ്യം ഉന്നയിച്ച് ടാങ്കറുകൾ തടഞ്ഞ് സമരം നടത്തിയിരുന്നു. സമരം നടത്തുമ്പോൾ ഒന്നുരണ്ട് ദിവസത്തേക്ക് ജലവിതരണം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സമീപനമാണ് വാർട്ടർ അതോറിട്ടി അധികൃതർ സ്വീകരിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.
ഫ്ലാറ്റ് പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ വന്നു പതിച്ചതിനെ തുടർന്ന് കുണ്ടന്നൂർ പുഴയിലൂടെ നെട്ടൂരിലേക്ക് കുടിവെള്ളം എത്തിച്ചിരുന്ന പൈപ്പുകൾ തകർന്നത് ശരിയാക്കാത്തതാണ് കുടിവെള്ള വിതരണം സുഗമമാവാത്തതിന്റെ കാരണമെന്ന് ആളുകൾ പറയുന്നു. പുതുതായി ചുമതലയേറ്റ അസിസ്റ്റന്റ് എക്സി.എൻജിനീയർ സംഭവസ്ഥലം സന്ദർശിച്ച് തകരാർ പരിഹരിക്കാമെന്ന ഉറപ്പിൻമേൽ സമര പരിപാടികൾ അവസാനിപ്പിച്ചെന്നും ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു. നാഷണൽ ബുക്ക് ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ഇ.എൻ നന്ദകുമാർ, കൗൺസിലർമാരായ സി.ടി. സുരേഷ്, ശാലിനി അനിൽരാജ്, ദിഷാ പ്രതാപൻ, ബിന്ദു ഇ.പി, ഷീജാ സാൻകുമാർ, ഉഷാ സഹദേവൻ, സി.വി. സന്തോഷ്, ജിജി പ്രേമൻ എന്നിവർ നേതൃത്വം നൽകി.