കൊച്ചി: കാഞ്ഞിരമറ്റം നിത്യനികേതൻ ആശ്രമത്തിൽ അജ്ഞാതന്റെ പരാക്രമം. ആശ്രമത്തിന്റെ ജനാലച്ചില്ലുകളും മുൻവശത്ത് സ്ഥാപിച്ചിരുന്ന ശ്രീനാരായണഗുരു, നടരാജഗുരു, നിത്യചൈതന്യയതി എന്നിവരുടെ ചിത്രങ്ങളും എറിഞ്ഞുതകർത്തു.

ഇന്നലെ ഉച്ചക്ക് 12 മണിയോടെ സ്ഥലത്തെത്തിയ ആൾ പ്രകോപനമില്ലാതെ ആക്രമണം നടത്തുകയായിരുന്നു എന്നാണ് വിവരം. ഈ സമയം ആശ്രമത്തിൽ ആരും ഉണ്ടായിരുന്നില്ല. കാര്യദർശി സ്വാമി മുക്താനന്ദയതി ഗുജറാത്തിലും മറ്റുള്ള സന്യാസിമാർ ഔദ്യോഗിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട യാത്രയിലുമായിരുന്നു. അക്രമം നടത്തിയ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ജനാലച്ചില്ലുകളും മറ്റും എറിഞ്ഞുതകർക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയായ പെൺകുട്ടി ബഹളമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ കൂടിയപ്പോഴേക്കും അക്രമി ഓടി രക്ഷപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കുറിച്ചി അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ, എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു എന്നിവർ അക്രമത്തെ അപലപിച്ചു. മഹാഗുരുക്കന്മാരുടെ ചിത്രങ്ങളും പ്രതിമകളും തകർക്കുന്ന പ്രവണത കൂടിവരികയാണെന്നും അത് ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.