
തൃക്കാക്കര: ആഴമേറിയ കിണറ്റിൽവീണ 10 വയസുകാരനെ സാഹസികമായി രക്ഷിച്ച ഹോട്ടൽ ജീവനക്കാരന് വാർഡ് കൗൺസിലറുടെയും എസ്.എൻ.ആർ.എയുടെയും ആദരം. കാക്കനാട് വി.എസ്.എൻ.എൽ റോഡ് ശാന്തിനഗർ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന തിരൂർ സ്വദേശി അഷറഫിനെയാണ് ഇന്നലെ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സ്മിത സണ്ണി ക്യാഷ് അവാർഡ് നൽകി ആദരിച്ചത്. വാർഡ് കൗൺസിലർ വി.ഡി സുരേഷ് മൊമെന്റോ നൽകി. കൗൺസിലർ എം.ജെ ഡിക്സൺ പൊന്നാട അണിയിച്ചു. എസ്.എൻ.ആർ.എയുടെ ഭാരവാഹികളായ ശ്രീജ, വിജേഷ് എന്നിവരുടെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി. കൗൺസിലർമാരായ ജോസ് കളത്തിൽ, രാധാമണിപിള്ള, ഉണ്ണി കാക്കനാട്, പി.സി മനൂപ് തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ 28നായിരുന്നു സംഭവം. കാക്കനാട് ശാന്തി നഗറിൽ കാളങ്ങാട് വീട് ഷെമീന റഹീമിന്റെ മകൻ അൽ റിഷാം ആണ് കളിക്കുന്നതിനിടയിൽ ചുറ്റുമതിൽ ഇല്ലാത്ത കിണറിൽ വീണത്. ശബ്ദം കേട്ട് അളകാപുരി ഹോട്ടൽ ജീവനക്കാരനായ അഷറഫ് കിണറിലേക്ക് എടുത്തുചാടി കുട്ടിയെ മണിക്കൂറുകളോളം ഉയർത്തിപ്പിടിക്കുകയായിരുന്നു. തുടർന്ന് തൃക്കാക്കര ഫയർഫോഴ്സും ഇൻഫോപാർക്ക് പൊലീസും സ്ഥലത്തെത്തി ഇരുവരെയും രക്ഷിക്കുകയായിരുന്നു.