വൈപ്പിൻ: മുനമ്പം-മാല്യങ്കര പാലത്തിനടുത്ത് ജെട്ടിയിൽ അറ്റകുറ്റപ്പണിക്കായി കെട്ടിയിരുന്ന രണ്ട് മീൻപിടിത്ത ബോട്ടുകൾ കത്തിനശിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. രണ്ട് ബോട്ടും മുനമ്പം സ്വദേശിയുടേതാണ്.
മിറാക്കിൾ ബോട്ടിലെ ജോലിക്കാരായ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ ഗ്യാസ് അടുപ്പിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് തീ പടർന്നതെന്നാണ് സൂചന. ആർക്കും പരിക്കില്ല.
മാലിപ്പുറം, എറണാകുളം, പറവൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് തീ അണച്ചു.
സംഭവമറിഞ്ഞ് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഇത്തരം സന്ദർഭങ്ങളിൽ രക്ഷാപ്രവർത്തനത്തിന് സുസജ്ജമായ മറൈൻ ആംബുലൻസ് അത്യാവശ്യമാണെന്ന് എം.എൽ.എ പറഞ്ഞു. ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചിരുന്നതാണ്.