fraud

കൊച്ചി: ആലപ്പുഴ മാന്നാറിൽ ജോലി തട്ടിപ്പു കേസിൽ നിന്ന് തലയൂരാൻ തട്ടിപ്പുവീരൻ പയറ്റിയത് മോൻസൺ മാവുങ്കൽ തന്ത്രം! എറണാകുളം ജില്ലയിൽ നിന്നടക്കം ലക്ഷങ്ങൾ നഷ്ടപ്പെട്ട ഉദ്യോഗാ‌ർത്ഥികൾ ഒന്നിന് പിന്നാലെ ഒന്നായി സമീപിച്ചതോടെ ആലപ്പുഴ പാവൂക്കര അരികുപുറത്ത് ബോബി തോമസാണ് പുരാവസ്തു തട്ടിപ്പുവീരന്റെ അടവു പയറ്രിയത്.

റൈസ് പുള്ളറടക്കമുള്ള ഇടപാടിൽ വൻതുക കിട്ടാനുണ്ടെന്നും ഇതു റിസർവ് ബാങ്കിന്റെ നിയമക്കുരുക്കിൽ കുടുങ്ങിയെന്നും ധരിപ്പിച്ചാണ് ഇയാൾ ഉദ്യോഗാ‌ർത്ഥികളെ മടക്കിയത്. സംശയം തോന്നിയ ഏതാനും ചെറുപ്പക്കാർ‌ ബേബി തോമസിനെക്കുറിച്ച് അന്വേഷിച്ചതോടെയാണ് തട്ടിപ്പിൽ കെങ്കേമനാണെന്ന് തിരിച്ചറിഞ്ഞത്. ഖത്തറിൽ പെട്രോൾ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് 7 പേരിൽ നിന്ന് കോടികൾ തട്ടിയ കേസിൽ റിമാൻഡിലാണ് ബേബി തോമസ്. വിവരം പുറത്തറിഞ്ഞതോടെ നിരവധിപ്പേ‌ർ പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്.

 ജോലിക്ക് ഒന്നരലക്ഷം

എറണാകുളം, കോട്ടയം,തൃശൂ‌ർ, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ യുവാക്കളാണ് കൂടുതലും തട്ടിപ്പിന് ഇരയായത്. 20 മുതൽ 40 പേരാണ് ഓരോ സംഘത്തിലും. ഒരാളിൽ നിന്ന് ഒന്നര ലക്ഷം രൂപ വീതമാണ് കൈക്കലാക്കിയത്. പണം നൽകാമെന്ന് ഉറപ്പുനൽകി വിളിച്ചുവരുത്തിയ ശേഷം രാഷ്ട്രീയ നേതാക്കളെ ചട്ടംകെട്ടി ഭീഷണിപ്പെടുത്തിയിരുന്നതായി ഉദ്യോഗാ‌ർത്ഥികൾ പറയുന്നു. ജോലി തട്ടിപ്പിന് പുറമെ, ഭൂമി -വസ്തു ഇടപാടിലൂടെയും നിരവധിപ്പേരെ ബേബി കബളിപ്പിച്ചിട്ടുണ്ടെന്നാണ് ആരോപണം. മുൻ ചീഫ് വിപ്പ് നേതൃത്വം നൽകുന്ന പാ‌ർട്ടികളുടെ സംസ്ഥാന നേതാവായ ഇയാൾക്ക് എല്ലാ പാ‌ർട്ടികളുമായും നല്ല ബന്ധമാണെന്നും വിവരമുണ്ട്.

 ഒപ്പം പൊലീസ്, കൊല്ലുമെന്ന് ഭീഷണി

പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ഒത്തുതീ‌ർപ്പിന് അവസരമൊരുക്കുകയാണ് ഉദ്യോഗസ്ഥ‌ർ ചെയ്തതെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. സ്റ്റേഷൻ കയറിയിറങ്ങി രണ്ടാഴ്ചയ്ക്ക് ശേഷമാണ് അറസ്റ്ര് ഇയാളെ ചെയ്തത്. ഉന്നത രാഷ്ട്രീയ ബന്ധമാണ് അറസ്റ്ര് നീളാൻ കാരണമെന്നാണ് സംശയം. പണം നൽകാൻ ഹോട്ടലിൽ വിളിച്ചുവരുത്തിയ ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി തട്ടിപ്പിനിരയായവ‌‌ർ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയവരും ബേബിക്കൊപ്പം ഹോട്ടലിലുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ കൈവശമുണ്ടെന്നാണ് ഉദ്യോഗാർത്ഥികളുടെ അവകാശവാദം.

തട്ടിച്ചെടുത്ത പണം തിരികെ കിട്ടില്ലെന്ന് ഉറപ്പാണ്. ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനൊപ്പം തൊഴിൽരഹിതരായ ചെറുപ്പക്കാ‌‌ർ തട്ടിപ്പിൽ വീഴാതിരിക്കാനാണ് മുന്നിട്ടിറങ്ങിയത്.

ദീപു തോമസ്

തട്ടിപ്പിന്റെ ഇര,

കോട്ടയം.