തൃപ്പൂണിത്തുറ: നാപ്കിനുകൾ, ഡയപ്പറുകൾ നശിപ്പിക്കുന്നതുൾപ്പടെ നഗരവാസികളെ ഏറെ അലട്ടിയിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി 'ബയോട്രീറ്റ് ' ബയോ മെഡിക്കൽ മാലിന്യ സംസ്കരണ പദ്ധതിക്ക് നഗരസഭ തുടക്കം കുറിക്കുന്നു. ഇതോടെ സംസ്ഥാനത്ത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ബയോ മെഡിക്കൽ മാലിന്യ സംസ്കരണ പരിപാടി ആരംഭിക്കുന്ന ആദ്യത്തെ നഗരസഭ എന്ന പേര് ഇനി തൃപ്പൂണിത്തുറയ്ക്ക് സ്വന്തം.

ബയോ മെഡിക്കൽ മാലിന്യങ്ങളായ ഉപയോഗശൂന്യമായ സിറിഞ്ച്, മെഡിസിൻ സ്ട്രിപ്സ്, സാനിറ്ററി നാപ്കിൻ,ഡയപ്പർ, അഡൾട്ട് ഡയപ്പർ, കാലഹരണപ്പെട്ട മരുന്നുകൾ എന്നിവ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതാണ് 'ബയോ ട്രീറ്റ്'. വിശദീകരണ യോഗത്തിൽ വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ദീപ്തി സുമേഷ്, സി.എ. ബെന്നി, യു.കെ. പീതാംബരൻ, മുനിസിപ്പൽ സെക്രട്ടറി എച്ച്.അഭിലാഷ് കുമാർ, മുനിസിപ്പൽ എൻജിനീയർ ബി.ആർ ഓംപ്രകാശ് എന്നിവർ പങ്കെടുത്തു.
വീടുകൾ തോറും കയറിയിറങ്ങി മാലിന്യശേഖരണം നടത്തികൊണ്ടു പോകുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.ബയോ മെഡിക്കൽ മാലിന്യങ്ങൾ അതിന്റെ സ്വഭാവമനുസരിച്ച് ചുവപ്പ്, മഞ്ഞ, പച്ച കവറുകളിൽ സൂക്ഷിക്കണം. ഇത് അഞ്ച് ദിവസത്തിലൊരിക്കൽ ശേഖരിക്കും. ശുചിത്വമിഷൻ അംഗീകൃത ഏജൻസിയായ മെഹ്യൂബ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്ന സ്ഥാപനത്തിനാണ് പദ്ധതി നടത്തിപ്പ് ചുമതല നഗരസഭ ഏൽപ്പിച്ചിരിക്കുന്നത്. മൂന്ന് കിലോ കൊള്ളുന്ന ബാഗാണ് വീടുകളിൽ നൽകുന്നത്. ഒരു കിലോ മാലിന്യത്തിന് 71 രൂപ നൽകണം. ഭാരം നോക്കി എടുക്കുന്ന മാലിന്യത്തിന് അതനുസരിച്ചുള്ള പൈസ നൽകിയാൽ മതിയാകും. 49 വാർഡുകളിൽ കിടപ്പു രോഗികളുള്ള സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമാണ് സേവനം. അടിയന്തരമായി മാലിന്യം എടുക്കേണ്ടതുണ്ടെങ്കിൽ മെഹ്യൂബ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം സ്ഥാപനത്തെ അറിയിച്ചാൽ മതി. ഇതിനായി പ്രത്യേകം മൊബൈൽ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ബാഗുകൾക്കൊപ്പം മാലിന്യം ശേഖരിക്കുവാൻ വരുന്ന വിവരങ്ങൾ അടങ്ങുന്ന കലണ്ടറുകൾ വീടുകളിൽ വിതരണം ചെയ്യും.

മാലിന്യ വിഷയവുമായി ബന്ധപ്പെട്ട് ഗാന്ധിജയന്തിയോടനുബന്ധിച്ച് നഗരസഭ നടത്തിയ അന്വേഷണത്തിൽ വീടുകളിൽ നിന്നും ഉണ്ടായ അപ്രതീക്ഷിത പ്രതികരണമാണ് ഡയപ്പറുകൾ, നാപ്കിനുകൾ നശിപ്പിക്കുന്നതിനു വേണ്ടിയുള്ള പദ്ധതി അന്വേഷണം ആരംഭിച്ചത്.

ബയോ മെഡിക്കൽ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്ന പ്രവണതയാണ് ഇപ്പോൾ ഉള്ളത്. പൊതുജനങ്ങളെ വല്ലാതെ അലട്ടുന്ന ഇത്തരം ദുരിതത്തിൽ നിന്ന് മോചനം നേടാനാണ് 'ബയോട്രീറ്റ് '

രമ സന്തോഷ്

ചെയർപേഴ്സൺ