കോലഞ്ചേരി: പൈപ്പുപൊട്ടി റോഡിലുണ്ടായ കുഴി ടാറിംഗിലൂടെ പരിഹരിച്ച് പൊതുമരാമത്ത് വകുപ്പ്. മാസങ്ങളായി തുടരുന്ന ജലനഷ്ടം കണ്ടില്ലെന്ന് നടിച്ച് ജലവിതരണ വകുപ്പും. ഇവരൊക്കെ ഇനി എന്നു നന്നാവാനാ.... കോലഞ്ചേരി പെരുമ്പാവൂർ റോഡിൽ സെന്റ് പോൾസ് സ്കൂളിന് മുന്നിലാണ് പൈപ്പ് പൊട്ടി കുഴിയുണ്ടായത്. ടാറിംഗ് നടത്തിയപ്പോൾ പൊതുമരാമത്ത് വകുപ്പ് ഭദ്രമായി കുഴിയടച്ചു. തൊട്ടടുത്തദിവസം വെള്ളമെത്തിയതോടെ ടാറിംഗ് വീണ്ടും പൊളിഞ്ഞു. കുഴിയുടെ വലിപ്പം ഇരട്ടിയായി.

ജലക്ഷാമം രൂക്ഷമായതോ‌ടെ പമ്പിംഗ് കൂട്ടിയപ്പോൾ കുഴിയിൽ മുഴുവൻ സമയവും വെള്ളം നിറഞ്ഞ് കിടപ്പാണ്. ഇതോ‌ടെ ഇരുചക്രവാഹനങ്ങളടക്കം കുഴിയിൽ വീണ് അപകടവും പതിവായി. രാത്രിസമയത്ത് വാഹനമോടിക്കുന്നവർ കുഴി കാണാതിരുന്നാൽ സംഭവിക്കുന്നത് വൻ ദുരന്തവുമാകും. ആ ദുരന്തത്തിന് കാതോർക്കുകയാണ് ഇരു വകുപ്പുകളും. രാത്രി വെള്ളം നിറഞ്ഞു കിടക്കുമ്പോൾ ഒ​റ്റനോട്ടത്തിൽ കുഴിയുടെ വ്യാപ്തി മനസ്സിലാക്കാനാകില്ല. ഒപ്പം കുഴിയോടുചേർന്ന് റോഡ് സൈഡിൽ ട്രാൻസ്‌ഫോർമർകൂടി ഉള്ളത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.

ഒരു മാസം മുമ്പാണ് ഇവിടെ പൈപ്പ് പൊട്ടിയത്. ഇതോടൊപ്പം സമീപത്തെ രണ്ടിടങ്ങളിൽക്കൂടി പൊട്ടിയിരുന്നു. അത് നന്നാക്കിയെങ്കിലും സ്കൂൾ ഗേറ്റിന് സമീപമുള്ളത് നന്നാക്കിയിട്ടില്ല. പൈപ്പുപൊട്ടി ഒരാഴ്ച കഴിഞ്ഞതോടെയാണ് റീടാറിംഗ് നടത്തിയത്. പൊട്ടൽ നന്നാക്കാതെ ടാറിംഗ് നടത്തിയതും പണിയായി. ഇനി പൈപ്പ് നന്നാക്കിയാലും ടാറിംഗ് നടത്തുന്നത് അപ്രയോഗികമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ഇതുവഴി പ്രതിദിനം പാഴാകുന്നത്. ജലക്ഷാമം രൂക്ഷമായി തുടരുമ്പോഴും കുടിവെള്ളം പാഴാകുന്നത് ഒഴിവാക്കാൻ നടപടി വേണമെന്നാണ് ആവശ്യം.