കൊച്ചി: ഭാര്യ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെതിരെ ഭർത്താവ് സൂരജ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. എതിർകക്ഷികൾക്ക്
നോട്ടീസയയ്ക്കാൻ കോടതി ഉത്തരവായി.
തെളിവുകളുടെ കുറവും കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷന്റെ പരാജയവും എതിർവാദങ്ങളും തള്ളിയാണ് കൊല്ലം അഡിഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചതെന്ന് ഹർജിയിൽ പറയുന്നു.
2020 മേയ് ഏഴിനാണ് ഉത്രയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലേന്ന് ജ്യൂസിൽ മയക്കുമരുന്ന് കലർത്തിക്കൊടുത്തശേഷം രാത്രി 11ഓടെ മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മേയ് 25നാണ് സൂരജിനെ അറസ്റ്റ് ചെയ്തത്.
മാപ്പുസാക്ഷിയും പാമ്പുപിടിത്തക്കാരനുമായ കല്ലുവാതുക്കൽ ചാവരുകാവ് സുരേഷിൽ നിന്ന് വാങ്ങിയ പാമ്പിനെ ഉപയോഗിച്ചാണ് കടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയിരുന്നു. സുരേഷ് പിടികൂടിയ പാമ്പ് തന്നെയാണ് കടിച്ചതെന്ന് തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.
കൊലപാതകം, നരഹത്യാശ്രമം എന്നിവയ്ക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം വീതം പിഴയും വിഷവസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് പത്ത് വർഷവും തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷവും തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. 17 വർഷത്തെ തടവുശിക്ഷ അനുഭവിച്ച ശേഷമാണ് ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു