പെരുമ്പാവൂർ: ഗതാഗതക്കുരുക്കില്ലാത്ത പെരുമ്പാവൂർ നഗരം ഇനിയെങ്കിലും സാദ്ധ്യമാകുമോ എന്ന ചോദ്യം പെരുമ്പാവൂരുകാർ ചോദിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ടൗൺ ബൈപ്പാസും റിംഗ്റോഡും മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള റോഡ് വികസനവും സാദ്ധ്യമായാൽ പെരുമ്പാവൂർ അടിമുടി മാറുമെന്നുറപ്പാണ്. നിലവിൽ ഓരോ ദിവസവും നഗരത്തിലെ കുരുക്ക് വർദ്ധിക്കുകയാണ്. പ്രധാന റോഡുകളായ ആലുവ മൂന്നാർ റോഡും എം.സി റോഡും കടന്നുപോകുന്ന പട്ടണമാണിത്. വ്യവസായനഗരവും ഏറ്റവും കൂടുതൽ അന്യസംസ്ഥാനത്തൊഴിലാളികൾ താമസിക്കുകയും ചെയ്യുന്ന ഇടമാണിത്. ഒട്ടേറെ വ്യവസായങ്ങൾ ഉള്ളതിനാൽ ഭാരവാഹനങ്ങളുടെ നിരന്തര ഓട്ടംമൂലം റോഡുകൾ തകരുന്നത് പതിവാണ്. ഇവ യഥാസമയം നന്നാക്കാത്തതിനാൽ വാഹനങ്ങൾ വേഗം കുറച്ചു പോകുന്നതും ഗതാഗതക്കുരുക്കിന് കാരണമാണ്.
15 വർഷമായി ഇഴഞ്ഞുനീങ്ങുന്ന പദ്ധതി
എ.എം റോഡിലെ മരുത് കവലയിൽ തുടങ്ങി എംസി റോഡ് കുറുകെ കടന്ന് എ.എം റോഡിലെ പാലക്കാട്ടുതാഴത്ത് അവസാനിക്കുന്ന വിധത്തിൽ 3.5 കിലോമീറ്ററിൽ വിഭാവനം ചെയ്ത ടൗൺ ബൈപ്പാസ് നിർമാണം തുടങ്ങിയിട്ടില്ല. 15 വർഷമായി പദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. കിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലയിൽനിന്നും വരുന്ന വാഹനങ്ങളെ ടൗണിൽ പ്രവേശിപ്പിക്കാതെ കടത്തിവിടാൻ കഴിയുമെന്നതിനാൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ കഴിയുമെന്നതാണ് ലക്ഷ്യം. എ.എം റോഡിലും ഇരിങ്ങോളിലെയും എംസി റോഡിലെ വല്ലത്തെയും ബന്ധിപ്പിച്ചുള്ള റിംഗ് റോഡ് പദ്ധതിയും യാഥാർത്ഥ്യമായിട്ടില്ല. സർവേ, സ്ഥലമെടുപ്പ് എന്നിവയിൽ തർക്കം നിലനിൽക്കുന്നതിനാൽ പദ്ധതി മുന്നോട്ടുപോയിട്ടില്ല.
ഗതാഗതക്കുരുക്കിനാൽ നഗരം വീർപ്പുമുട്ടിയിട്ടും ഗതാഗത ഉപദേശകസമിതി യോഗം ചേർന്നിട്ട് മാസങ്ങളായി. ജനപ്രതിനിധികൾ, പൊലീസ്, നഗരസഭ, റവന്യൂ, ഫയർഫോഴ്സ, പൊതുമരാമത്ത് വകുപ്പ്, മോട്ടർ വാഹനവകുപ്പ്, വ്യാപാരി പ്രതിനിധികൾ, വിവിധ രാഷ്ട്രീയ, സാമൂഹിക പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്നതാണ് സമിതി. 16ന് ഉപസമിതി ചേർന്നെങ്കിലും പൂർണതോതിലായില്ല.
നഗരത്തിലെ പ്രധാന പ്രശ്നങ്ങൾ
ടൗണിൽ ഗതാഗതക്കുരുക്കുണ്ടായാൽ വാഹനങ്ങൾ തിരിച്ചു വിടാൻ ബദൽ റോഡുകളില്ല.
സമീപ റോഡുകളെല്ലാം വീതികുറഞ്ഞതും പ്രധാന റോഡുകളിലേക്കു വേഗത്തിൽ ബന്ധിപ്പിക്കാൻ കഴിയാത്തതുമാണ്.
ഗതാഗതം നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരില്ല. ട്രാഫിക് വാർഡൻമാരെ ഉപയോഗിച്ചാണു ഗതാഗതം നിയന്ത്രിക്കുന്നത്. ഇവർ എണ്ണത്തിൽ കുറവാണ്. ഹാപ്പി ട്രാഫിക് എന്ന പേരിൽ സന്നദ്ധ സംഘടന ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ സഹായിച്ചെങ്കിലും ഇപ്പോഴില്ല.
റോഡിൽ അനധികൃത പാർക്കിംഗ് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ പതിവ്.