per
പോഞ്ഞാശേരി പട്ടിപ്പാറയിലെ പെരിയാർവാലി കനാലിൽ മാലിന്യം കുന്നു്കൂടിയതോടെ നീരൊഴുക്ക് നിലച്ച നിലയിൽ

പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ പോഞ്ഞാശേരി കനാലിൽ പട്ടിപ്പാറ ഭാഗത്ത് കനാലിൽ മാലിന്യം അടിഞ്ഞുകൂടി. അറ്റകുറ്റപ്പണികൾ തീർത്ത് കനാലിൽ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളമൊഴുക്കിയപ്പോഴാണ് ഒഴുകിയെത്തിയ മാലിന്യം മുഴുവൻ അക്വാഡക്ടിന് മുന്നിലായി അടിഞ്ഞുകൂടിയത്. ഭൂതത്താൻകെട്ട് ഡാമിൽനിന്നാണ് കനാലിലൂടെ വെള്ളം എത്തുന്നത്. പലയിടങ്ങളിലായി ആളുകൾ കനാലിലെറിയുന്ന മാലിന്യങ്ങൾ കനാൽപ്പാലങ്ങളിലോ അക്വഡക്ടിന് സമീപമോ കുന്നുകൂടുന്നത് പതിവാണ്. വേനൽക്കാലത്ത് കുടിവെള്ളം, കൃഷി, വ്യവസായം തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും പെരിയാർവാലി കനാൽ വെള്ളമാണ് ജനങ്ങൾ ആശ്രയിക്കുന്നത്.

കുന്നത്തുനാട് താലൂക്കിലെ ഭൂരിഭാഗം പ്രദേശത്തും വേനലിലുണ്ടാകുന്ന ജലക്ഷാമത്തിന് കനാൽവെള്ളം മാത്രമാണ് പരിഹാരം. നിരവധി കുടിവെള്ള പദ്ധതികൾ കനാലുകളെ ആശ്രയിച്ച് പ്രവർത്തിക്കുന്നുണ്ട്. ബോധവത്കരണം നടത്തുകയും ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന കുടിവെള്ളസ്രോതസ്സിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ദേശീയ ഹരിതസേനാ കോ-ഓർഡിനേറ്റർ വേണു വാരിയത്ത്, ജനകീയ അന്വേഷണസമിതി കൺവീനർ ടി.എൻ. പ്രതാപൻ, സുനിൽ വെള്ളാരപ്പിള്ളി, ശ്രീനിലയം രാജീവ് എന്നിവർ ആവശ്യപ്പെട്ടു.


 എന്തും വലിച്ചെറിയുന്നത് കനാലിലേക്ക്

ഉപയോഗശൂന്യമായ പ്ലാസ്റ്റിക്, തുണിത്തരങ്ങൾ, വീട്ടുപകരണങ്ങൾ, ചെരിപ്പുകൾ, മാംസാവശിഷ്ടങ്ങൾ തുടങ്ങി സാനിറ്ററി നാപ്കിനുകൾ വരെ ചിലർ കനാലുകളിലേക്ക് വലിച്ചെറിയുകയാണ്. വ്യവസായ യൂണിറ്റുകളിൽനിന്നും മറ്റുമുള്ള സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കാൻ ക്വട്ടേഷൻ എടുക്കുന്ന ചിലരും രാത്രികാലങ്ങളിൽ കനാലിലേക്ക് മാലിന്യം തള്ളുന്ന സംഭവമുണ്ടായിട്ടുണ്ട്. കനാൽവെള്ളം മലിനമാകാതെ സൂക്ഷിക്കാൻ അതത് പ്രദേശങ്ങളിലെ റെസിഡന്റ്സ് അസോസിയേഷൻ, പൊലീസ്, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ജാഗ്രതാസമിതികൾ രൂപവത്കരിക്കണം. വീടുകളിലേയും സ്ഥാപനങ്ങളിലേയും മാലിന്യങ്ങൾ ഉറവിടങ്ങളിൽത്തന്നെ സംസ്‌കരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാകണം.

കനാലിൽ മാലിന്യങ്ങൾ കുന്നുകൂടുന്നത് നീരൊഴുക്ക് തടസ്സപ്പെടുത്തുന്നു. കനാലുകളുടെ വാലറ്റങ്ങളിലേക്ക് വെള്ളമെത്താത്തതിന് പ്രധാന കാരണവും ഇതുതന്നെ. ജലവിതരണം തുടങ്ങുന്നതിന് മുൻപ് കനാലിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ സാധിക്കാത്തതും പലയിടങ്ങളിലും നീരൊഴുക്കിന് തടസ്സമുണ്ടാക്കുന്നു. ഭൂരിഭാഗം പ്രദേശങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു അറ്റകുറ്റപ്പണികൾ. ആഴ്ചയിൽ നാലുദിവസമാണ് കനാൽവെള്ളം വരുന്നത്. ഉപകനാലുകളിലൂടെയെല്ലാം ജലവിതരണം പൂർണതോതിലാകണമെങ്കിൽ ആഴ്ചകളെടുക്കുമെന്ന സ്ഥിതിയാണുള്ളത്. വേങ്ങൂർ, വെങ്ങോല, മുടക്കുഴ, വാഴക്കുളം പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിലൊന്നും ഇതുവരെ കനാൽവെള്ളമെത്തിയിട്ടില്ല.