കൂത്താട്ടുകുളം: പാലക്കുഴ ഫാമിലി ഹെൽത്ത് സെന്ററിലെ ഫാർമസി പ്രവർത്തനം അവതാളത്തിലെന്ന് പരാതി. മൂന്ന് ഡോക്ടർമാരും നഴ്സുമാരും സേവനം ചെയ്യുന്ന ആശുപത്രിയിൽ മരുന്നു ലഭ്യമാണെങ്കിലും ഫാർമസി പ്രവർത്തനത്തിലെ താളപ്പിഴമൂലം രോഗികൾക്ക് പ്രയോജനമില്ലാത്ത അവസ്ഥയാണ്. നിലവിൽ ഇവിടെ ജോലി ചെയ്യുന്ന ഒരു ഫാർമസിസ്റ്റിന്റെ സേവനം അപര്യാപ്തമാണെന്ന പരാതിയാണ് ഉയർന്നിട്ടുള്ളത്. ഫാർമസിസ്റ്റ് ഇല്ലാത്തതിനാൽ ഫാർമസിയുടെ പ്രവർത്തനം പലപ്പോഴും തടസപ്പെടുകയാണ്. പാലക്കുഴ ആശുപത്രിയിലെ ഫാർമസി പ്രവർത്തനം സംബന്ധിച്ച് നിരവധി പരാതി ലഭിച്ചതായി ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജ് പറഞ്ഞു. പാലക്കുഴ ആശുപത്രിയിൽ ഒരു ഫാർമസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തിലെങ്കിലും നിയമിച്ച് ഫാർമസി പ്രവർത്തനം കാര്യക്ഷമമാക്കണം. ഫാമിലി ഹെൽത്ത് സെന്റർ പ്രവർത്തനം രാവിലെ 9 മുതൽ വൈകിട്ട് ആറു വരെയാണ്. നിയമമനുസരിച്ച് രണ്ട് ഫാർമസിസ്റ്റുകളാണ് ഇവിടെ വേണ്ടത്. പഞ്ചായത്ത് ഭരണസമിതിക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഒരു ഫാർമസിസ്റ്റിനെ നിയമിക്കാവുന്നതാണ്. നൂറുകണക്കിന് രോഗികൾ ദിവസേന ആശ്രയിക്കുന്ന ആശുപത്രിയിൽ ഫാർമസിസ്റ്റിനെ അടിയന്തരമായി നിയമിക്കണം എന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയതായും സിബി ജോർജ് പറഞ്ഞു.