war
കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് മേയറുടെ നേതൃത്വത്തിൽ നടന്ന യോഗം

കൊച്ചി: മഴ മാറിയതിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. നിസാരകാര്യങ്ങളുടെ പേരിൽ പമ്പിംഗ് നിർത്തിവയ്ക്കുന്നതോടെ വാട്ടർ അതോറിട്ടിയെ മാത്രം ആശ്രയിക്കുന്നവർ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് എൽ.ഡി. എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി സൂപ്രണ്ടിംഗ് എൻജിനീയറെ കഴിഞ്ഞ ദിവസം ഉപരോധിച്ചു. പനമ്പള്ളിനഗർ, ഗിരിനഗർ ഭാഗങ്ങളിലെ കൗൺസിലർമാരും ഉദ്യോഗസ്ഥരെ ഉപരോധിച്ചിരുന്നു.

ജലക്ഷാമം ഉള്ള പ്രദേശങ്ങളിൽ എക്‌സിക്യൂട്ടീവ് എൻജിനീയർമാരുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തി പ്രശ്‌നം ഉടനടി പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാമെന്ന ഉറപ്പിലാണ് കൗൺസിലർമാർ സമരം അവസാനിപ്പിച്ചത്.

നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ മേയർ എം.അനിൽകുമാർ ഇന്നലെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

 യോഗ തീരുമാനങ്ങൾ

1) സബ് ഡിവിഷൻ തലത്തിൽ ലോക്കൽ മോണിറ്ററിംഗ് കമ്മിറ്റിയോഗം ചേരും
2) ഓരോ 15 ദിവസത്തിനുളളിലും റിവ്യൂ മീറ്റിംഗ് ചേരും.
3) മെയിൻ ലൈനിൽ കൃത്രിമം നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് 15 ദിവസത്തിനുളളിൽ യഥാർത്ഥ പ്രശ്നം സംബന്ധിച്ച് വിശദീകരണം നൽകുന്നതിന് വാട്ടർ അതോറിട്ടി സൂപ്രണ്ടിംഗ് എൻജിനീയറെ ചുമതലപ്പെടുത്തി
4) പൈപ്പുകളുടെയും വാൽവുകളുടെയും ചോർച്ച ഉടനടി പരിഹരിക്കണം
5) ടാങ്കറുകളിൽ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണമേൻമ ഉറപ്പാക്കും
6) പൈപ്പുകളുടെ വിന്യാസം സംബന്ധിച്ച് കൃത്യമായ മാപ്പിംഗ് നടത്തി പ്ലാൻ തയ്യാറാക്കാൻ വാട്ടർ അതോറിട്ടിക്ക് നിർദ്ദേശം നൽകി.
7) നിലവിലെ സംവിധാനങ്ങളിൽ കാലോചിതമായ മാറ്റം വരുത്തുന്നതു സംബന്ധിച്ച് പഠനം നടത്തും
8) ഡെപ്പോസിറ്റ് വർക്കുകളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വാട്ടർ അതോറിട്ടി വിശദീകരണം നൽകണം