കൊച്ചി: തോട്ടപ്പള്ളിയിൽ സി.പി.എം ബ്രാഞ്ച് സമ്മേളന പ്രതിനിധിയായ സജീവനെ കാണാതായ കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സെപ്തംബർ 29ന് കാണാതായ സജീവന്റെ ഭാര്യ സജിത നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എ.എ സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
കാണാതായ ദിവസം അമ്പലപ്പുഴ പൊലീസിലും ഒക്ടോബർ ആറിന് ആലപ്പുഴ എസ്.പിക്കും പരാതി നൽകിയിരുന്നു. സെപ്തംബർ 30ന് പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കുന്നതിന്റെ തലേന്ന് സജീവനെ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയിക്കുന്നതായി ഹർജിയിൽ പറയുന്നു. നൂറിലേറെപേരെ ചോദ്യം ചെയ്‌തെങ്കിലും സജീവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സജീവൻ കടൽ തീരത്ത് നിൽക്കുന്ന സി.സി.ടി.വി.ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.