ഫോർട്ടുകൊച്ചി: ഹോം സ്റ്റേകളുടെ റീ ക്ലാസിഫിക്കേഷൻ കാലാവധി ഡിസംബർ 31 ഓടെ അവസാനിച്ച സാഹചര്യത്തിൽ മാർച്ച് 31 വരെ നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ഹോം സ്റ്റേകൾ റീ ക്ലാസിഫിക്കേഷനു വേണ്ടി അപേക്ഷ ടൂറിസം വകുപ്പിൽ നൽകണമെങ്കിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് എൻ.ഒ.സി. വാങ്ങി കൊടുക്കണം. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾ ഈ സർട്ടിഫിക്കറ്റ് പലരും അനുവദിച്ചു കൊടുക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതിനായി ഉദ്യോഗസ്ഥർ ഭീമമായ കൈക്കൂലിയാണ് ആവശ്യപ്പെടുന്നത്. കാലാവധി തീരുന്നതിനു മുൻപ് തന്നെ എൻ.ഒ.സി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കുമെന്ന് അധികാരികൾ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഓർഡർ ഇറങ്ങിയിട്ടില്ല. ഹോം സ്റ്റേകളെ കടക്കെണിയിൽ നിന്ന് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹാറ്റ്സ് ഡയറക്ടർ എം.പി.ശിവദത്തൻ ടൂറിസം ഡയറക്ടർക്ക് നിവേദനം നൽകി. പുതുവർഷം മുന്നിൽ കണ്ട് സംസ്ഥാനത്ത് ഹോം സ്റ്റേകൾ പലതും ബുക്കിംഗ് ഉണ്ടായിരുന്നെങ്കിലും ഒമിക്രോൺ ഭീതിയിൽ അതെല്ലാം തകിടം മറിഞ്ഞു. ലക്ഷങ്ങൾ വായ്പ എടുത്താണ് പല ഹോംസ്റ്റേകളും മോടിപിടിപ്പിച്ചത്. ഇനി അതെല്ലാം എങ്ങനെ തിരിച്ചടയ്ക്കും എന്ന ആശങ്കയിലാണ് ഹോംസ്റ്റേ ഉടമകൾ.