
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപിനെതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പ്രത്യേക കോടതി നിർദ്ദേശിച്ചു. അന്വേഷണ റിപ്പോർട്ട് ഈ മാസം 20നകം നൽകണം. ഒന്നാംപ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ തുടരന്വേഷണത്തിന് വിചാരണ നിറുത്തിവയ്‌ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പിന്നീട് പരിഗണിക്കും.
നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് ഒരു വി.ഐ.പി കൈമാറിയതായി ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. പൊലീസ് രേഖപ്പെടുത്തിയ ബാലചന്ദ്രകുമാറിന്റെ വിശദമായ മൊഴി കോടതിയിൽ സമർപ്പിച്ചു. കേസിൽ നിർണ്ണായകമാകുന്ന വാട്ട്സാപ് ചാറ്റുകളും ശബ്ദങ്ങളുമടങ്ങിയ മൊബൈൽ ഫോണും ബാലചന്ദ്രകുമാർ അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. ഇവ ശാസ്‌ത്രീയമായി പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു.
തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഈമാസം 20ന് പരിഗണിക്കും. പ്രോസിക്യൂട്ടർ ഇല്ലാത്തതിനാലാണ് കേസ് നീട്ടിവച്ചത്. വിചാരണ ഫെബ്രുവരിയിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിട്ടുണ്ട്. വിചാരണ നിറുത്തിവയ്‌ക്കണമെന്ന ആവശ്യം ഇക്കാര്യം കൂടി പരിഗണിച്ചായിരിക്കും തീരുമാനിക്കുക.