കിഴക്കമ്പലം: ഒടുവിൽ കിഴക്കമ്പലം നെല്ലാട് റോഡിന് ആശ്വസിക്കാം. അറ്റകുറ്റപണി നാളെ തുടങ്ങും. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എയുടെ ഇടപെടലിനെതുടർന്ന് അനുവദിച്ച 2.12 കോടിരൂപയാണ് വിനിയോഗിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി ഈ റോഡിൽ ഒരു പണിയും നടത്തിയിട്ടില്ല. താത്കാലികമായി സഞ്ചാരയോഗ്യമാക്കുകയാണ് ചെയ്യുന്നത്. തുടർന്ന് മികച്ച സാങ്കേതിക മികവോടെ കെ.ആർ.എഫ്.ബി നിർമാണം നടക്കും. അതിനു വേണ്ട സാങ്കേതികപ്രശ്നങ്ങൾ പരിഹരിച്ചു വരികയാണ്. റോഡുമായി ബന്ധപ്പെട്ട് പുതിയ സർവെയടക്കം പൂർത്തിയാക്കേണ്ടതുണ്ട്. അതിനുശേഷമാണ് സാങ്കേതികാനുമതി അടക്കം വാങ്ങാനാകൂ. നെല്ലാട് മുതൽ റോഡിനിരുവശവും നിരവധി കൈയേറ്റങ്ങളുണ്ട്. ഇതെല്ലാം ഒഴിവാക്കിയാൽ മാത്രമാണ് ആധുനിക നിലവാരത്തിൽ റോഡ് നിർമാണം പൂർത്തിയാക്കാൻ കഴിയൂ. താത്കാലിക ടാറിംഗ് പൂർത്തിയാകുന്നതോടെ റോഡിനിരുവശവും താമസിക്കുന്നവർക്ക് വലിയ ആശ്വാസമാകും. വേനൽ കനത്തതോ‌ടെ വീട് പൊടിമൂടുന്ന അവസ്ഥയിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം ജയപരാജയങ്ങൾ വരെ നിർണയിച്ച റോഡുകൂടിയാണിത്. റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തണമെന്നാവശ്യപെട്ട് നാട്ടുകാർ സമരരംഗത്തുണ്ട്. എടത്തല കേന്ദ്രമായ സ്വകാര്യ കമ്പനിയാണ് അറ്റകുറ്റപ്പണിയുടെ കരാറെടുത്തത്. റോഡിന്റെ ലെവൽ പരിശോധന ഇതിനോടകം പൂർത്തിയായി. കുഴികളിൽ ജി.എസ്.ബി. മിശ്രിതം, വെ​റ്റ് മിക്‌സ് നിറച്ച് ഉറപ്പിച്ചശേഷം ഡി.ബി.എം. നിലവാരത്തിലാണ് ടാറിംഗ് നടത്തുന്നത്.