s0cial-issues

തൃപ്പൂണിത്തുറ: കുടിവെള്ള ചോർച്ച തുടർക്കഥയായി, ടാർ ചെയ്ത ഭാഗം വീണ്ടും പൊളിഞ്ഞു. നഗരത്തിലെ ഏറ്റവും വാഹനത്തിരക്കേറിയ എസ്.എൻ ജംഗ്ഷനിലാണ് ജല അതോറിട്ടിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത്. എസ്.എൻ ജംഗ്ഷനിൽ നിന്നും വൈക്കം റോഡിലേക്ക് തിരിയുന്ന ഭാഗത്തെ മണ്ണിനടിയിലെ വലിയ പൈപ്പ് പൊട്ടിയും എരൂർ റോഡിലേക്ക് തിരിയുന്ന ഭാഗത്തെ കാനയോട് ചേർന്നിരിക്കുന്ന വാൽവിലെ ചോർച്ചയും ആണ് നാട്ടുകാരെ ദുരിതത്തിലാക്കിയിരിക്കുന്നത്. മെട്രോയുടെ പണികൾ നടക്കുന്നതുമൂലമുള്ള പൊടിയും ചെളിയും കൂടി കലർന്ന വെള്ളത്തിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. അഴുക്കുനിറഞ്ഞ വെള്ളം റോഡിന്റെ വശങ്ങളിൽ കെട്ടിക്കിടക്കുന്നതും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. ദീർഘനാളായി ഇവിടെ കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട്. മണ്ണിനടിയിൽ സ്ഥാപിച്ചിരിക്കുന്ന വലിയ പൈപ്പ് പൊട്ടിയാണ് ശുദ്ധജലം പുറത്തേക്ക് ഒഴുകുന്നത്. തൃപ്പൂണിത്തുറ നഗരസഭയുടെ പലപ്രദേശങ്ങളിലും ഉദയംപേരൂർ മേഖലയിലും ശുദ്ധജല ത്തിനു വേണ്ടി ജനങ്ങൾ നെട്ടോട്ടം ഓടുമ്പോൾ ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് വഴിയിലൂടെ ഒഴുകിപ്പോകുന്നത്. മാസങ്ങൾക്ക് മുമ്പ് ഒരുതവണ ചോർച്ച അടച്ചെങ്കിലും പിന്നീട് ആവർത്തിക്കുകയായിരുന്നു. ആസാദ് വാട്ടർ ടാങ്കിൽ നിന്നും ഉദയംപേരൂർ, തെക്കുംഭാഗം പ്രദേശങ്ങളിലേക്ക് പമ്പ് ചെയ്യുന്ന പൈപ്പ് പൊട്ടിയും കുടിവെള്ളം ചേരുന്നുണ്ട്.