മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ കൗമാരക്കാരായ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള കൊവിഡ് വാക്സിനേഷൻ 11ന് ആരംഭിക്കും. 10,11,12 ക്ലാസുകളിലെ കുട്ടികൾക്കാണ് കൊവിഡ് വാക്സിൻ ലഭ്യമാക്കുന്നത്. മുഴുവൻ വിദ്യാർത്ഥികളെയും കുത്തിവയ്പ്പിന് വിധേയമാക്കാൻ അദ്ധ്യാപകരും രക്ഷിതാക്കളും മുൻകൈയെടുക്കണമെന്ന് ചെയർമാൻ പി.പി. എൽദോസ് അഭ്യർത്ഥിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ മെഡിക്കൽ സംഘവും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തകരും സ്കൂളിലെത്തിയാണ് വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകുന്നത്. ഇതിനാവശ്യമായ മുഴുവൻ ക്രമീകരണങ്ങളും നഗരസഭ ഒരുക്കും.
ചൊവ്വ,വ്യാഴം ദിവസങ്ങളിൽ ആയിരിക്കും കുത്തിവയ്പ്പ്. മറ്റു ദിവസങ്ങളിൽ രക്ഷിതാക്കളോടൊപ്പം എത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് വാക്സിൻ സ്വീകരിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂളുകളിൽ ഒരു ദിവസം 300 വിദ്യാർത്ഥികൾക്കാണ് കുത്തിവയ്പ്പ് നൽകുക. കൊവാക്സിനാവും നൽകുക. വിദ്യാർത്ഥികൾ കുറവുള്ള സ്കൂളിലെ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ വാക്സിൻ നൽകും. നഗരത്തിൽ 12 സ്കൂളുകളിലായി 3000 വിദ്യാർത്ഥികൾ ഉണ്ട്. 11ന് രാവിലെ 10ന് മൂവാറ്റുപുഴ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കം കുറിക്കും .തുടർ ദിവസങ്ങളിൽ കാവുങ്കര തർബിയത്ത്, ഇലാഹിയ, എസ്.എൻ.ഡി.പി., നിർമ്മല ഇംഗ്ലീഷ് മീഡിയം, സെന്റ് തോമസ്, സെന്റ് അഗസ്റ്റ്യൻസ്, ശിവൻ കുന്ന്, വിമലഗിരി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ വാക്സിൻ ക്യാമ്പ് സംഘടിപ്പിക്കും. ആധാർ കാർഡ്, സ്കൂൾ തിരിച്ചറിയൽ കാർഡ്, മൊബൈൽ ഫോൺ എന്നിവ വിദ്യാർത്ഥികൾ കരുതിയിരിക്കണം. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ മുൻസിപ്പൽ ചെയർമാൻ പി.പി. എൽദോസ് അദ്ധ്യക്ഷനായി. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രേഖ രവീന്ദ്രൻ, ഫാ. ജോസഫ് പുത്തൻകുളം തുടങ്ങിയവർ പങ്കെടുത്തു.