ആലുവ: ശ്രവണ - സംസാര വൈകല്യമുള്ളവരുടെ വിദ്യഭ്യാസ - തൊഴിൽ പുനരധിവാസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 'ആൾ കേരള പേരന്റ്സ് അസോസിയേഷൻ ഓഫ് ഹിയറിംഗ് ഇംപയേർഡ്' (അക്പാഹി) 14 -ാം സംസ്ഥാന സമ്മേളനവും രജതജൂബിലിയാഘോഷവും ജനുവരി എട്ട്, ഒമ്പത് തീയതികളിൽ തോട്ടുമുഖം വൈ.എം.സി.എ ഹാളിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബേബി ജോസഫ്, സ്വാഗതസംഘം ചെയർമാൻ ആർ.കെ. ശിവൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
എട്ടിന് രാവിലെ ഒമ്പതിന് സംസ്ഥാന ചെയർമാൻ ഡോ. കെ.വി. ജയചന്ദ്രൻ പതാക ഉയർത്തും. 10ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബേബി ജോസഫ് അദ്ധ്യക്ഷത വഹിക്കും. 11.30ന് 'കേൾവി വൈകല്യമുള്ളവർ നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും' എന്ന സെമിനാർ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി അഡ്വൈസറി ബോർഡ് മെമ്പർ എ. ഷൺമുഖം വിഷയാവതരണം നടത്തും.
ഒമ്പതിന് രാവിലെ 10.30ന് പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി മേഖലകളിൽ സമഗ്രസംഭാവനകൾ നൽകിയ ബെന്നി ബഹനാൻ എം.പിക്ക് 'ബധിര ക്ഷേമ അവാർഡും' ഗോപിനാഥ് മുതുകാടിന് 'ഭിന്നശേഷി സൗഹൃദ അവാർഡും' സിസ്റ്റർ അഭയയ്ക്ക് 'ബധിരസ്‌നേഹ അവാർഡും' മന്ത്രി ആർ. ബിന്ദു കൈമാറും.
ജനറൽ കൺവീനർ ടി.ബി. ബോസ്, ട്രഷറർ എം.കെ.സുരേഷ്‌കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വധൂവരന്മാരെ കണ്ടെത്താൻ 'ബധിരസംഗമം'
അക്പാഹി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 30ന് കേൾവി, സംസാര വൈകല്യമുള്ളവർക്ക് അനുയോജ്യരായ വധൂവരന്മാരെ കണ്ടെത്തുന്നതിനായി ബധിര സംഗമം സംഘടിപ്പിക്കും. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ വധൂവരന്മാരെ കണ്ടെത്താം. 9ന് ഉച്ചയ്ക്ക് 2.30നാണ് പരിപാടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്. കെ. തോമസ് ഉദ്ഘാടനം ചെയ്യും. അക്പാഹി സംസ്ഥാന സെക്രട്ടറി ബിനോയ് ജോസഫ് യുവതീ യുവാക്കളെ പരിചയപ്പെടുത്തും. പ്രിയരാജ് പരിഭാഷ നടത്തും.