
കൊച്ചി: റോഡിന് വീതികൂട്ടാനായി സർക്കാർ സ്കൂളിന്റെ ഭൂമി കൈയേറിയെന്ന് പരാതി. എളമക്കര പുന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ചു പണിതതാണ് പരാതിക്ക് കാരണമായത്. അതേസമയം സ്കൂളിന്റെ സ്ഥലം കൈയേറിയിട്ടില്ലെന്നും ഇരുചക്രവാഹനം മാത്രം പോകാൻ കഴിയുന്ന ഇടവഴിയിലേക്ക് ബെൽമൗത്ത് കെട്ടുക മാത്രമാണ് നടക്കുന്നതെന്നും സ്ഥലം കൗൺസിലർ സീന ഗോകുലൻ വ്യക്തമാക്കി. പുന്നയ്ക്കൽ ജംഗ്‌ഷനിൽ നിന്ന് പുതുക്കലവട്ടത്തേക്ക് പോകുന്ന റോഡിൽ നിന്നാണ് ഇടറോഡ് തുടങ്ങുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള സ്കൂൾ മതിൽ പൊളിച്ചുപണിയുന്നതിനിടെയാണ് പ്രശ്നം ഉടലെടുത്തത്. ഇടവഴിയിൽ താമസിക്കുന്ന പത്തോളം കുടുംബങ്ങളുടെ ആവശ്യപ്രകാരം അധികൃതരുമായി സംസാരിച്ച് മതിൽ പണിയാനാണ് ശ്രമിക്കുന്നതെന്ന് കൗൺസിലർ പറഞ്ഞു.