ആലുവ: ജീവകാരുണ്യ മേഖലയിൽ കീഴ്മാട് പഞ്ചായത്ത് പൗരസംരക്ഷണ സമിതി 12 വർഷം പൂർത്തീകരിക്കുകയാണ്. ജാതിയും മതവും രാഷ്ട്രീയവും പരിഗണിക്കാതെ നിർദ്ധനരെ കണ്ടെത്തി പ്രതിമാസം സമിതി വിതരണം ചെയ്യുന്നത് മുക്കാൽ ലക്ഷം രൂപയാണ്. നാല് വർഷം മുമ്പ് ചെറിയ രീതിയിൽ ആരംഭിച്ച പെൻഷൻ പദ്ധതി പ്രളയത്തിന്റെയും കൊവിഡിന്റെയുമെല്ലാം പ്രതിസന്ധികൾക്കിടയിലും മുടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനായതിന്റെ സംതൃപ്തിയിലാണ് ഭാരവാഹികൾ.
നിർദ്ധനരായ വിധവകളെയും പരസഹായം ലഭിക്കാത്ത വൃദ്ധരെയുമാണ് പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അർഹരെ കണ്ടെത്തിയ ശേഷം പ്രതിമാസം 1000 രൂപ തരാൻ ശേഷിയുള്ള സ്പോൺസറെ കണ്ടെത്തും. സ്പോൺസർമാരിൽ 35 പേർ ആയിരം രൂപ വീതം നൽകുന്നവരാണ്. ബാക്കി 40 പേർക്ക് പെൻഷൻ നൽകുന്നത് 500 രൂപ വീതം നൽകുന്ന 80 പേർ ചേർന്നാണ്. പെൻഷൻ വിതരണത്തോടൊപ്പം പലിശരഹിത വായ്പയും നടപ്പാക്കിയിട്ടുണ്ട്. നാടിന്റെ സാമൂഹിക - സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെല്ലാം സജീവ സാന്നിദ്ധ്യമാണ്. വിവിധ പരിശീലന, ബോധവത്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പ്, തയ്യൽ ക്ലാസ്, തൊഴിൽ പരിശീലനം, കലാകായിക സാംസ്‌കാരിക സംഗമങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കാറുണ്ട്. സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഗ്രാമത്തിന്റെ ചരിത്രം അടങ്ങിയ ഡയറക്ടറിയും പ്രസിദ്ധീകരിച്ചു.
സംഘടനയുടെ 12 -ാം വാർഷികം ജനുവരി എട്ടിന് വൈകിട്ട് നാലിന് എടയപ്പുറം ജമാ അത്ത് ഹാളിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും സാഹിത്യകാരന്മാരായ തോട്ടുംമുഖം ബാലകൃഷ്ണൻ, അശോകപുരം നരായണൻ, തായ്ബോക്‌സിംഗ് താരം തമന്ന അഭീനാൻ, കംപ്യൂട്ടർ ഗ്രാഫിക് ഡിസൈനിംഗിൽ അപൂർവ നേട്ടം വരിച്ച് സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിയ എം. അബ്ദുൽ ഷുക്കൂർ, മെഡിക്കൽ മേഖലയിലെ അപൂർവ നേട്ടം കരസ്ഥമാക്കി നാടിന് അഭിമാനമായ ഡോ. ഹുദ ഇസ്മായിൽ, ഡോ.കൃഷ്ണ പി.സുനിൽ എന്നിവരെയും ആദരിക്കും.
പൗരസമിതി പ്രസിഡന്റ് അബൂബക്കർ ചെന്താര, രക്ഷാധികാരി പി.എ. മഹ്ബൂബ്, സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് കെ.എം. അബ്ദുൽ കരീം, പ്രോഗ്രാം കൺവീനർ എൻ.ഐ. രവീന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.