health

തൃപ്പൂണിത്തുറ: നഗരസഭയുടെ ആഭിമുഖ്യത്തിൽ സമ്പൂർണ്ണ ശുചിത്വമാലിന്യ സംസ്കരണപദ്ധതിയുടെ ഭാഗമായി നഗരസഭാപരിധിയിൽ ഉണ്ടാകുന്ന ബയോമെഡിക്കൽ, നാപ്കിൻ, ഡയപ്പർമാലിന്യങ്ങൾ, സിറിഞ്ചുകൾ തുടങ്ങിയവ ഏജൻസി മുഖേന വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്ന ബയോട്രീറ്റ് പദ്ധതിയുടെ ഉദ്ഘാടനം അർജുന അവാർഡ് ജേതാവ് ടോം ജോസഫ് നിർവ്വഹിച്ചു. ലായം സി ബ്ലോക്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ.പ്രദീപ് കുമാർ, കൗൺസിലർമാരായ സി.എ.ബെന്നി, ജയ പരമേശ്വരൻ, ശ്രീലത മധുസൂദനൻ, യു.കെ പീതാംബരൻ, കെ.വി സാജു, പി.കെ പീതാംബരൻ, ദീപ്തി സുമേഷ്, നിമ്മി,നഗരസഭ സൂപ്രണ്ട് സിബു, ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ പി.ആർ ഷൈൻ, കെയ്ൽ പ്രതിനിധി ശ്രീലാൽ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ മീരാൻകുഞ്ഞ് ഇ.എം പദ്ധതി വിവരണം നടത്തി. മെഹ്യൂബ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം സി.ഇ.ഒ കുഞ്ഞബ്ദുള്ള പ്രോജക്ട് അവതരിപ്പിച്ചു. വീടുകൾതോറും കയറിയിറങ്ങി മാലിന്യശേഖരണം നടത്തികൊണ്ടു പോകുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ബയോമെഡിക്കൽ മാലിന്യങ്ങൾ അതിന്റെ സ്വഭാവമനുസരിച്ച് ചുവപ്പ്, മഞ്ഞ, പച്ച കവറുകളിൽ സൂക്ഷിക്കണം. ഇത് അഞ്ച് ദിവസത്തിലൊരിക്കൽ ശേഖരിക്കും. ശുചിത്വമിഷൻ അംഗീകൃത ഏജൻസിയായ മെഹ്യൂബ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്ന സ്ഥാപനത്തിനാണ് പദ്ധതി നടത്തിപ്പ് ചുമതല നഗരസഭ ഏൽപ്പിച്ചിരിക്കുന്നത്.