p
കുത്തേറ്റ എളമക്കര സ്റ്റേഷനിലെ എ.എസ്.ഐ ഗിരീഷ് കുമാർ ആശുപത്രിയിൽ

കൊച്ചി: ബൈക്ക് മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എളമക്കര പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗിരീഷ് കുമാറിന് കുത്തേറ്റു. പേനാക്കത്തികൊണ്ടുള്ള കുത്തേറ്റ കൈയിൽ രണ്ട് തുന്നിക്കെട്ടലുണ്ട്. ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ പുലർച്ചെ ഒന്നരയോടെ ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപമായിരുന്നു സംഭവം. പിടിച്ചുപറിയടക്കം നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളിയായ കളമശേരി എച്ച്.എം.ടി കോളനി കൃഷ്ണ ഹൗസിൽ ബിച്ചുവാണ് (വിഷ്ണു-33) പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇയാളെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി. കൂട്ടുപ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബിച്ചുവും കൂട്ടാളികളായ രണ്ടുപേരും ചേർന്ന് ഇടപ്പള്ളി ലുലുമാളിന് സമീപത്തു നിന്ന് ഒരു ബൈക്ക് മോഷ്ടിച്ചിരുന്നു. ഇവർക്കായുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. ഇന്നലെ പുലർച്ചെ ഇടപ്പള്ളിയിൽ ചിലർ ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട നാട്ടുകാ‌ർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഈ സമയം ഗിരീഷ് കുമാർ, സി.പി.ഒ ബ്രൂണോ എന്നിവർ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിൽ ഇടപ്പള്ളിയിലുണ്ടായിരുന്നു. ഇവർ സ്ഥലത്തെത്തിയപ്പോൾ ഒരാൾ ഡ്യൂക്ക് ബൈക്ക് തള്ളിക്കൊണ്ടുപോകുന്നത് കണ്ടു. തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോൾ മോഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമായി. പിടികൂടാൻ ശ്രമിച്ചപ്പോൾ ബൈക്ക് ഉപേക്ഷിച്ച് ബിച്ചു ഇടപ്പള്ളി ജംഗ്ഷനിലേക്ക് ഓടി. ഇടപ്പള്ളിയിലെത്തിയപ്പോൾ പൊലീസ് ഇയാളെ വളഞ്ഞു. ഇതിനിടെ പിടികൂടാൻ മുന്നോട്ടുവന്ന ഗിരീഷ് കുമാറിനെ ബിച്ചു കുത്തുകയായിരുന്നു.

28ലധികം കേസുകളിൽ പ്രതിയായ ബിച്ചു 2015ലാണ് ഒടുവിൽ പൊലീസിന്റെ പിടിയിലായത്. മോഷണത്തിന് ശേഷം വീടുമാറുന്നതാണ് ഇയാളുടെ രീതി. ഫ്ലക്സ് ബോ‌ർഡുകളുടെ ജോലിയാണ് ചെയ്തുവരുന്നതെന്ന് ബിച്ചു മൊഴി നൽകി. നഗരത്തിൽ അടുത്തിടെ റിപ്പോ‌ർട്ട് ചെയ്ത വാഹന മോഷണക്കേസുകളിൽ ബിച്ചുവിന്റെ പങ്ക് സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങളടക്കം പരിശോധിക്കുമെന്ന് എളമക്കര എസ്.എച്ച്.ഒ പറ‌ഞ്ഞു.