മൂവാറ്റുപുഴ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മൂവാറ്റുപുഴ യൂണിറ്റ് ഭാരവാഹികൾ മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി.എൽദോസിന് നിവേദനം നൽകി. ഹോട്ടലിലെയും ബേക്കറികളിലെയും ടീ ഷോപ്പുകളിലെയും ലോഡ്ജുകളിലെയും ഖരമാലിന്യങ്ങൾ മുൻ കാലങ്ങളിലെ പോലെ കുടുംബശ്രീ പ്രവർത്തകരെക്കൊണ്ട് ശേഖരിച്ച് നിർമാർജ്ജനം ചെയ്യണമെന്നും സംസ്ഥാന ടൂറിസം വകുപ്പ് തീരുമാനപ്രകാരം തിര‌ഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിൽ ഭക്ഷണ വിതരണത്തിന് പരിചയസമ്പന്നരായ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അംഗങ്ങൾക്ക് മുൻഗണന നൽകി തിരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. തുടർന്ന് അസോസിയേഷൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് സി.കെ.അനിൽ, യൂണിറ്റ് പ്രസിഡന്റ് എം.പി. ഷിജു, സെക്രട്ടറി കെ.ജെ. തങ്കച്ചൻ, ട്രഷറർ വി.ആർ സജീവ്, വെെസ് പ്രസിഡന്റുമാരായ പി.കെ.അബ്ദുൾസലാം, ബി.പ്രകാശ് എന്നിവരുമായി നഗരസഭാ ചെയർമാൻ പി.പി.എൽദോസ് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ചനടത്തി. മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്ന മുറയ്ക്ക് ഖരമാലിന്യങ്ങൾ കെ.എച്ച്.ആർ.എ അംഗങ്ങളുടെ സ്ഥാപനങ്ങളിൽ നിന്ന് ശേഖരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ചെയർമാൻ ഉറപ്പുനൽകിയതായി കെ.എച്ച് ആർ.എ ഭാരവാഹികൾ അറിയിച്ചു.