മൂവാറ്റുപുഴ: കല്ലൂർക്കാട് പ്രവർത്തിച്ചുവരുന്ന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ മാവേലിസ്റ്റോറിനെ മാവേലി സൂപ്പർ സ്റ്റോറാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. കല്ലൂർക്കാട് പ്രവർത്തിക്കുന്ന മാവേലി സ്റ്റോർ നിലവിൽ പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്ഥല പരിമിതികൾ ഉള്ളതിനാൽ മാവേലി സ്റ്റോറിലേക്കാവശ്യമായ ഉത്പന്നങ്ങൾ ഇറക്കി സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഇവിടെയില്ല. സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുമുളള സൗകര്യവും ഇവിടെയില്ല. നിലവിലുള്ള മാവേലി സ്റ്റോർ പരിഷ്കരിച്ച് ഉപഭോക്താവിന് സാധനങ്ങൾ സ്വയം തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യത്തോടുകൂടിയ സപ്ലൈകോയുടെ നൂതന സംരംഭമായ സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോർ ആക്കി ഉയർത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. സൂപ്പർ സ്റ്റോർ ആക്കി സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി ടി.എം. ഹാരിസും മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയും സപ്ലൈകോ എംപ്ലോയീസ് യൂണിയൻ താലൂക്ക് പ്രസിഡന്റുമായ ജോളി പൊട്ടയ്ക്കൽ, സി.പി.ഐ കല്ലൂർക്കാട് ലോക്കൽ സെക്രട്ടറി സജി കരിമാലി കോട്ടിൽ എന്നിവർ മന്ത്രി ജി.ആർ.അനിലിന് നിവേദനം നൽകി. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി നേതാക്കൾ അറിയിച്ചു.