കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം - കാസർകോട് അർദ്ധ അതിവേഗ കെ.റെയിൽ നിർമ്മാണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന വിശദീകരണ യോഗം ഇന്ന് കൊച്ചിയിൽ നടക്കും. 'ജനസമക്ഷം സിൽവർലൈൻ' എന്ന പേരിൽ രാവിലെ 11ന് എറണാകുളം ടി.ഡി.എം ഹാളിലാണ് പരിപാടി.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വ്യവസായമന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. കെ.റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത്കുമാർ പദ്ധതിയെക്കുറിച്ച് വിശദീകരിക്കും. തുടർന്ന് ചോദ്യങ്ങൾക്ക് മറുപടിയും നൽകും. കെ.റെയിൽ ഡയറക്ടർ പി. ജയകുമാർ സ്വാഗതവും ജോയിന്റ് ജനറൽ മാനേജർ അനിൽകുമാർ ജി നന്ദിയും പറയും.

വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങൾ ആരായുന്നതിന്റെ ഭാഗമായി രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും. പദ്ധതിയുടെ ഗുണഫലങ്ങൾ, ആവശ്യകത, മികവുകൾ, സാങ്കേതികസംവിധാനങ്ങൾ, നിർമ്മാണരീതി തുടങ്ങിയവ യോഗത്തിൽ വിശദീകരിക്കും. വ്യാപാര, വാണിജ്യ, വ്യവസായ മേഖലകളിലെയും സാമൂഹ്യ, സാംസ്കാരിക, പൊതുരംഗങ്ങളിലെയും പ്രമുഖർ യോഗത്തിൽ പങ്കെടുക്കും. പദ്ധതി സംബന്ധിച്ച സംശയങ്ങളും ആശങ്കളും നിർദ്ദേശങ്ങളും സമർപ്പിക്കാനും അവസരമുണ്ടാകും. ഇവയ്ക്ക് മറുപടിയും കെ.റെയിൽ അധികൃതർ നൽകും.

മെട്രോ നഗരമായി വളരുന്ന കൊച്ചിയുടെ വികസനത്തിന് കുതിപ്പ് നൽകാൻ കഴിയുന്നതാണ് കെ.റെയിൽ എന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കൊച്ചിയിൽ തെക്കു, വടക്ക് മേഖലകളിൽ നിന്ന് പ്രതിദിനം ആയിരങ്ങൾ എത്തുകയും മടങ്ങുകയും ചെയ്യുന്നുണ്ട്. വ്യാപാര, വ്യവസായ, ബിസിനസ് ആവശ്യങ്ങൾക്ക് ആയിരങ്ങളാണ് കൊച്ചിയിലെത്തുന്നത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അവർക്ക് കൊച്ചിയിലെത്താൻ കഴിയുമെന്നത് ഭാവിയിൽ വലിയ സാദ്ധ്യതകൾ നൽകുന്നതാണ്.

രണ്ട് സ്റ്റേഷനുകളുള്ള ഏക ജില്ലയും എറണാകുളമാണ്. നെടുമ്പാശേരി വിമാനത്താവളം, കാക്കനാട് എന്നിവടങ്ങളിലാണ് സ്റ്റേഷനുകൾ. വിമാന യാത്രക്കാർക്ക് വേണ്ടിയാണ് നെടുമ്പാശേരിയിലെ സ്റ്റേഷൻ. എറണാകുളം നഗരവുമായി ബന്ധിപ്പിച്ചാണ് കാക്കനാട് ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിലുൾപ്പെട്ട ഇടച്ചിറയിൽ സ്റ്റേഷൻ നിർമ്മിക്കുന്നത്.