ചെറായി: ചെറായി വിജ്ഞാന വർദ്ധിനി സഭ വക 'മലയാളം പഴനി' ശ്രീ ഗൗരീശ്വര ക്ഷേത്രത്തിലെ മഹോത്സവ പരിപാടികൾക്ക് ജനുവരി 10 ന് കൊടിയേറും. ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. രാത്രി എട്ടിനും എട്ടരയ്ക്ക് മദ്ധ്യേയാണ് തൃക്കൊടിയേറ്റ് നടക്കുക. ഇതിനായി എത്തുന്ന ശിവഗിരി മഠാധിപതിയെ വൈകിട്ട് ആറിന് പൂർണകുംഭം നൽകി സ്വീകരിക്കും. അഷ്ടപദി കച്ചേരി, ഓട്ടംതുള്ളൽ, ശീതങ്കൻ തുള്ളൽ, കുറത്തിയാട്ടം ഗുരുദേവ കൃതികൾ, കീർത്തനങ്ങൾ എന്നിവയുടെ ആലാപനം തുടങ്ങിയവയ്ക്കി പുറമെ ശ്രീനാരായണ ധർമ്മ പഠന പരിഷത്തും മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്നുണ്ട്. തൈപ്പൂയ മഹോത്സവ ദിനമായ 18ന് പുലർച്ചെ അഞ്ചിന് അഭിഷേകം 11ന് ശ്രീബലി, വൈകിട്ട് 4ന് കാഴ്ച ശ്രീബലി, വൈകിട്ട് ഏഴിന് ശ്രീപാർവ്വതി ദേവിയ്ക്ക് പൂമൂടൽ എന്നിവയും മഹോത്സവ ദിനമായ 20ന് ചെറായി പൂരവും നടക്കുമെന്ന് സഭാ പ്രസിഡന്റ് ടി.കെ. ഭാഗ്യനാഥൻ, സെക്രട്ടറി എ.എ. മുരുകാനന്ദൻ അറുകാട്, ട്രഷറർ സുധീഷ് കുളങ്ങര എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.